അമരാവതി: ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ ജീവന് ഭീഷണിയുള്ളതായി ഇന്റലിജൻസ് റിപ്പോർട്ട്. യോഗങ്ങളിലും ആൾക്കുട്ടത്തിനിടയിലും ഇറങ്ങുമ്പോൾ ജാഗ്രത പുലർത്തണമെന്നാണ് നിർദ്ദേശം.
ഇന്നലെയാണ് പവൻ കല്യാണിനെതിരെയുള്ള ഭീഷണി സന്ദേശങ്ങൾ വിവിധ അജ്ഞാത ഗ്രൂപ്പുകളിൽ പ്രത്യക്ഷപ്പെട്ടത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ സംഭവത്തിൽ നടപടി സ്വീകരിക്കണമെന്ന് പൊലീസിന് ഇന്റലിജൻസ് നിർദേശം നൽകി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
ഭീഷണി ഉയർന്നതോടെ പവൻ കല്യാണിന് പൊലീസ് സുരക്ഷ വർദ്ധിപ്പിച്ചു. പവൻ കല്യാണിന് Z+ കാറ്റഗറി സുരക്ഷ ഒരുക്കണമെന്ന് ജനസേന നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. ആന്ധ്രാപ്രദേശിൽ വൻ ജനപിന്തുണയുള്ള പാർട്ടിയാണ് പവൻ കല്യാണിന്റെ ജനസേന പാർട്ടി. 2024ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 21 സീറ്റുകൾ തൂത്തുവാരാനും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളിൽ വിജയം സ്വന്തമാക്കാനും ജന സേന പാർട്ടിക്ക് സാധിച്ചിരുന്നു.