മരണക്കയത്തിൽ നിന്ന് മകനെ തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് കോഴിക്കോട് ജില്ലയിലെ പയ്യോളിക്കടുത്ത് തിക്കോടി സ്വദേശികളായ എം.കെ സിദ്ദിഖും റൈഹാനത്തും. 97 ശതമാനം മരണനിരക്കുള്ള രോഗമായ അമീബിക് മസ്തിഷ്ക ജ്വരത്തിൽ നിന്ന് ലോകത്താകെ രോഗമുക്തി നേടിയത് 11 പേർ മാത്രമാണ്. 12-ാമനായി രക്ഷപ്പെട്ട് ജീവിതത്തിന്റെ പച്ചത്തുരുത്തിലെത്തിയിരിക്കുകയാണ് 14-കാരൻ അഫ്നാൻ ജാസിം. രാജ്യത്ത് ഇതാദ്യമായാണ് അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് ബാധിച്ചൊരാൾ രോഗമുക്തി നേടുന്നത്.
കഴിഞ്ഞ ഒന്നാം തീയതിയാണ് രോഗലക്ഷണങ്ങളോടെ ജാസിമിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുണൈറ്റഡ് സ്റ്റേറ്റ്സിലെ സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ ചികിത്സാ പ്രോട്ടോക്കോൾ പ്രകാരമായിരുന്നു ജാസിമിന് ചികിത്സ നൽകിയത്. മൂന്നാഴ്ച നീണ്ട ചികിത്സകൾക്കൊടുവിലാണ് കുട്ടി രോഗമുക്തി നേടിയത്. പ്രാരംഭഘട്ടത്തിൽ രോഗം തിരിച്ചറിയാൻ സാധിച്ചതും ജർമനിയിൽ നിന്ന് മരുന്നെത്തിച്ച് നൽകാൻ സാധിച്ചതുമാണ് 14-കാരന്റെ ജീവിതത്തിൽ വെളിച്ചം വീശിയത്.
കുട്ടി ആദ്യം മേലടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് ചികിത്സ തേടിയത്. ആരോഗ്യ പ്രവർത്തകർ കുട്ടിയുടെ രോഗലക്ഷണങ്ങളിൽ സംശയം പ്രകടിപ്പിച്ചതോടെയാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ചികിത്സയ്‌ക്കായി ജർമനിയിൽ നിന്ന് ബ്രോഡ് സ്പെക്ട്രം ആൻ്റിമൈക്രോബയൽ മരുന്നായ മിൽറ്റെഫോസിൻ എത്തിച്ചത് രോഗത്തിന്റെ തീവ്രത കുറയ്‌ക്കുന്നതിൽ നിർണായകമായി.
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ജീവിക്കുന്ന അമീബ മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്കജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുകയോ, മൂക്കിനുള്ളിലേക്ക് വെള്ളം ആക്കുകയോ ഒക്കെ ചെയ്യുന്നതിലൂടെയാണ് ഈ അമീബ തലച്ചോറിലെത്തുന്നത്. രോഗകാരിയായ അമീബ ഉള്ള മലിനജലം മൂക്കിനുള്ളിലേക്ക് കടക്കുന്നത് വഴി മാത്രമാണ് രോഗബാധയുണ്ടാകുന്നത്.
അമീബ തലച്ചോറിലേക്ക് പ്രവേശിച്ച് കോശങ്ങൾക്ക് പെട്ടെന്ന് തകരാർ സംഭവിക്കുകയും നീർക്കെട്ട് വരികയുമാണ് ചെയ്യുന്നു. ഇത് ഗുരുതരമാകുകയും ഒടുവിൽ മസ്തിഷ്ക മരണം സംഭവിക്കുകയുമാണ് ചെയ്യുന്നത്.