ടോക്കിയോ ഒളിമ്പിക്‌സിനേക്കാൾ മികച്ച പ്രകടനം ഇന്ത്യൻ അത്‌ലറ്റുകൾ പാരിസിൽ കാഴ്ചവയ്‌ക്കുമെന്ന് പരിശീലകൻ രാധാകൃഷണൻ നായർ. പോളണ്ടിൽ ഒളിമ്പിക്‌സിനായുള്ള അവസാനവട്ട ഒരുക്കത്തിലാണ് ഇന്ത്യൻ സംഘം. 28 വരെ ടീമിന്റെ പരിശീലനം പോളണ്ടിലെ സ്പാലയിലാണ്. പാരിസിന് സമാനമായ കാലാവസ്ഥയായതിനാലാണ് ഇന്ത്യൻ അത്‌ലറ്റിക്‌സ് സംഘം പോളണ്ട് ട്രെയിനിംഗിനായി തിരഞ്ഞെടുത്തത്. ചീഫ് കോച്ചും മലയാളിയുമായ പി.രാധാകൃഷ്ണൻ നായരുടെ നേതൃത്വത്തിലാണ് ടീം മത്സരത്തിനായി തയ്യാറെടുക്കുന്നത്.
പാരിസിൽ മികച്ച പ്രകടനം നടത്താനായുള്ള തയ്യാറെടുപ്പിലാണ് താരങ്ങൾ. രാജ്യത്തെ ജനങ്ങളുടെ പ്രാർത്ഥനയും പിന്തുണയുമുണ്ടെങ്കിൽ അത്‌ലറ്റിക്‌സിൽ ഒരു മെഡൽ എങ്കിലും അധികം നേടാനാകുമെന്ന പ്രതീക്ഷയുണ്ട്. സ്പാലയിൽ പാരിസിന് സമാനമായ കാലാവസ്ഥയായത് അനുകൂല ഘടകമാണ്. കഴിഞ്ഞ ദിവസം നടന്ന പ്രാദേശിക ഗ്രാൻഡ്പ്രീയിൽ റിലേ ടീം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പുരുഷ 4*400 മീറ്റർ റിലേ ടീമിന് ഒളിമ്പിക്‌സിൽ മെഡൽ സാധ്യതയുണ്ട്. വർഷങ്ങൾക്ക് ശേഷം 4*400 റിലേയ്‌ക്ക് യോഗ്യത നേടിയ വനിതാ ടീമിനും മികച്ച സാധ്യതയാണുള്ളതെന്നും നീരജ് ചോപ്ര ജാവലിൻ ത്രോയിൽ മെഡൽ നേടുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
117 താരങ്ങളാണ് പാരിസ് ഒളിമ്പിക്‌സിൽ രാജ്യത്തെ പ്രതിനിധീകരിക്കുന്നത്. 29 താരങ്ങൾ മത്സരിക്കുന്ന അത്‌ലറ്റിക്‌സിലാണ് ഇന്ത്യക്ക് കൂടുതൽ പ്രാതിനിധ്യം. 28-ന് അത്‌ലറ്റിക്‌സ് സംഘം പാരിസിലെത്തും. ഓഗസ്റ്റ് 1-നാണ് ഒളിമ്പിക്‌സിൽ അത്‌ലറ്റിക്‌സ് മത്സരങ്ങൾക്ക് തുടക്കമാകുക.