മലപ്പുറം: തിരൂർ ബിപി അങ്ങാടി സർക്കാർ വൊക്കേഷണൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാർത്ഥികളുടെ സമരം. സ്‌കൂളിൽ വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന് ആരോപിച്ചാണ് വിദ്യാർത്ഥികൾ സമരം ചെയ്യുന്നത്.
ക്ലാസ് മുറികളിൽ പുഴുക്കളുടെ ശല്യം രൂക്ഷമാണ്. വിദ്യാർത്ഥികളുടെ ചോറ്റുപാത്രത്തിലേക്ക് അടക്കം തേരട്ട വീണിരുന്നു. തേരട്ട വീണ ഭക്ഷണമടങ്ങിയ ചോറ്റുപാത്രം ഉയർത്തിപ്പിടിച്ചാണ് വിദ്യാർത്ഥികൾ സമരം ചെയ്യുന്നത്. സ്കൂളിൽ വേണ്ടത്ര ശുചിമുറികൾ ഇല്ലെന്നും കുട്ടികൾ പരാതിപ്പെടുന്നുണ്ട്. സ്കൂളിന് സമീപത്തെ റോഡ് ഉപരോധിക്കുകയാണ് വിദ്യാർത്ഥികൾ.
പരിസരം മുഴുവൻ അട്ടകളും പുഴുക്കളുമാണെന്നാണ് കുട്ടികൾ ആരോപിക്കുന്നത്. പരിഹാരം ഉണ്ടാകുന്നതുവരെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് വിദ്യാർത്ഥികൾ. സമരം ന്യായമാണെന്നും പരിഹരിക്കുമെന്നും തിരൂർ എംഎൽഎ കുറുക്കോളി മൊയ്തീൻ പ്രതികരിച്ചു. പുതിയ സ്കൂൾ കെട്ടിടത്തിന് അനുമതി ലഭിച്ചതാണെന്നും ആറ് മാസത്തിനകം നിർമാണം പൂർത്തിയാക്കുമെന്നും എംഎൽഎ പ്രതികരിച്ചു.