ന്യൂഡൽഹി: കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനായി വമ്പൻ പ്രഖ്യാപനവുമായി കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ. കാർഷിക മേഖലയ്‌ക്കും മറ്റ് അനുബന്ധ മേഖലകൾക്കും 1.52 ലക്ഷം കോടി രൂപയുടെ പദ്ധതികളാണ് ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഒരു കോടി കർഷകരെങ്കിലും കാർഷിക രംഗത്തേക്കും ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായും മുന്നിട്ടിറങ്ങുമെന്നും നിർമലാ സീതാരാമൻ പറഞ്ഞു.
കാർഷിക മേഖലയിലെ സുസ്ഥിര വികസനത്തിനും ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും സാങ്കേതികവിദ്യകൾ മെച്ചപ്പെടുത്തുന്നതിനുമായി നിരവധി പദ്ധതികളാണ് കേന്ദ്രസർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്. ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. രാസവളങ്ങളുടെയും രാസ കീടനാശിനികളുടെയും ഉപയോഗം കുറച്ച് ജൈവ കൃഷിയിലേക്ക് കർഷകർ തിരിയണം. ഇതിലൂടെ മണ്ണിന്റെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കുന്നതിനൊപ്പം കർഷകർക്ക് ഗുണ നിലവാരമുള്ള വിളകൾ ലഭിക്കുന്നു. ഇത്തരത്തിൽ മികച്ച രീതിയിൽ ലാഭം നേടാൻ കർഷകർക്ക് സാധിക്കുമെന്നും നിർമലാ സീതാരാമൻ അറിയിച്ചു.
രാജ്യമൊട്ടാകെ പച്ചക്കറികൾ ഉത്പാദിപ്പിക്കുന്നതിന് കേന്ദ്രസർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കും. കാർഷിക രംഗത്തുള്ള ഗവേഷണങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം നൽകി പ്രതികൂല കാലാവസ്ഥയെ അതിജീവിക്കുന്ന വിത്തുകൾ വികസിപ്പിച്ചെടുക്കുന്നതിനും ഊന്നൽ നൽകും. പ്രതികൂല കാലാവസ്ഥയെ അതിജീവിക്കാൻ കെൽപ്പുള്ള 109 തരം പുതിയ വിത്തുകൾ കർഷകർക്ക് നൽകും. എണ്ണ വിത്തുകളുടെ സംഭരണത്തിനും ഉത്പാദനത്തിനുമായി 10,000 ബയോ ഇൻപുട്ട് സെന്ററുകൾ തുടങ്ങും.
പ്രതികൂല കാലാവസ്ഥ അറിയുന്നതിനും, വിളകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയുന്നതിനും മറ്റ് കാർഷിക മേഖലയിലെ വിവരങ്ങൾ അറിയുന്നതിനുമായി സംസ്ഥാന സർക്കാരുമായി കൂടിയാലോചിച്ച് ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ച്ചറിന് തുടക്കമിടും. വിളകളുമായി ബന്ധപ്പെട്ട വിവരങ്ങൾ കർഷകരിൽ നിന്ന് മനസിലാക്കുന്നതിനായി 400 ജില്ലകളിൽ ‘ ഡിജറ്റൽ ക്രോപ് സർവേ’ സംഘടിപ്പിക്കും.
കർഷകർക്ക് വിത്തും വളവുമൊക്കെ വാങ്ങാൻ സഹായിക്കുന്ന ജൻ സമർത്ഥ് കിസാൻ ക്രെഡിറ്റ് കാർഡ് അഞ്ച് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കും. ചെമ്മീൻ കൃഷിയുടെ ഉത്പാദനം, കയറ്റുമതി തുടങ്ങിയവ എളുപ്പമാക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും നബാർഡ് മുഖേന ധനസഹായം നൽകുമെന്നും നിർമലാ സീതാരാൻ ബജറ്റിൽ പ്രഖ്യാപിച്ചു.















