മാളികപ്പുറം ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘സുമതി വളവ്’. ചിത്രത്തിന്റെ ക്യാമറാമാനെ കുറിച്ചുള്ള വിവരങ്ങളാണ് സിനിമയുടെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള പുറത്ത് വിട്ടിരിക്കുന്നത്. തെന്നിന്ത്യൻ സിനിമാലോകത്ത് പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും
നേടിയ സൂപ്പർ ഹിറ്റ് ചിത്രം രാക്ഷസന്റെ ക്യാമറാമാൻ പി.വി.ശങ്കരാണ് സുമതി വളവിലേക്ക് ജോയിൻ ചെയ്തിരിക്കുന്നത്. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് അഭിലാഷ് പിള്ള ഇക്കാര്യം അറിയിച്ചത്.
‘സുമതി വളവ് കടക്കാനും വളവിലെ വിസ്മയക്കാഴ്ചകളൊരുക്കാനും രാക്ഷസന്റെ ക്യാമറമാൻ ആദ്യമായി മലയാള സിനിമയിലേക്ക്.’- എന്നാണ് അഭിലാഷ് പിള്ള സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചത്.
തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം ഹൊറർ കോമഡി ജോണറിലാണ് ഉൾപ്പെടുന്നത്. സിനിമയുടെ ചിത്രീകരണം ആഗസ്റ്റ് 20-ന് ആരംഭിക്കും. വാട്ടർമാൻ ഫിലിംസിന്റെ ബാനറിൽ ശ്രീ മുരളി കുന്നുംപുറത്ത് നിർമിക്കുന്ന ചിത്രത്തിൽ അർജുൻ അശോകൻ, മാളവിക മനോജ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്നത്.
മാളികപ്പുറം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ വിഷ്ണു ശശിശങ്കർ, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, സംഗീത സംവിധായകൻ രഞ്ജിൻരാജ് എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ശ്യാം മോഹൻ, സജിൻ ഗോപു, ലാൽ, സൈജു കുറുപ്പ്, ജയകൃഷ്ണൻ, ദേവനന്ദ, ശ്രീപത്, നിരഞജ് മണിയൻപിള്ള രാജു, ഗോപിക, ജീൻ പോൾ എന്നിവരോടൊപ്പം മറ്റനേകം താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.