ലണ്ടൻ: ലണ്ടനിൽ രാജാവിന്റെ കാവൽക്കുതിരയുടെ കടിയേറ്റ യുവതി കുഴഞ്ഞു വീണു. ലണ്ടൻ മ്യൂസിയത്തിന് പുറത്ത് നിന്ന ചാൾസ് രാജാവിന്റെ കാവൽക്കുതിരയാണ് യുവതിയെ കടിച്ചത്. കുതിരയക്ക് സമീപത്ത് നിന്ന് ഫോട്ടോയ്‌ക്ക് പോസ് ചെയ്തപ്പോഴാണ് സംഭവം. യുവതിക്ക് കടിയേൽക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
യുവതിയുടെ വലതുകൈക്കാണ് കടിയേറ്റത്. ഈ സമയം നിരവധി ടൂറിസ്റ്റുകൾ സമീപത്തുണ്ട്. പലരും കുതിരയ്‌ക്കൊപ്പം ഫോട്ടോയെടുക്കാനായി കാത്തുനിൽക്കുന്നവരുമാണ്. യുവതി സമീപത്തേക്ക് എത്തുമ്പോൾ വളരെ പെട്ടന്ന് കുതിര ഇവരുടെ കയ്യിൽ കടിക്കുകയായിരുന്നു. കുതിരയുടെ അപ്രതീക്ഷിത ആക്രമണത്തിൽ പരിക്കേറ്റ യുവതി കരഞ്ഞുകൊണ്ട് ആൾക്കൂട്ടത്തിനിടയിലേക്ക് കയറുന്നതും പിന്നാലെ കുഴഞ്ഞുവീഴുന്നതും ദൃശ്യങ്ങളിൽ കാണാം. വീഡിയോ പകർത്തുന്നയാൾ അറിയിക്കുന്നതോടെ സഹായത്തിനായി പൊലീസും സ്ഥലത്തെത്തുന്നുണ്ട്. കുതിരകൾ ആക്രമിച്ചേക്കാമെന്നും അവയെ തൊടരുതെന്നും അകലം പാലിക്കണമെന്നുമുള്ള മുന്നറിയിപ്പ് ബോർഡും വീഡിയോയിൽ ദൃശ്യമാണ്. വീഡിയോ ഇതുവരെ 32 മില്യൺ കാഴ്ചക്കാരെ നേടി.
Tourist FAINTS after being bitten by a Kings Guard’s Horse after she attempted to pose for a photo. pic.twitter.com/fXRGxdj867
— Oli London (@OliLondonTV) July 21, 2024
കൃത്യമായ ആചാര രീതികൾക്കും കർശനമായ അച്ചടക്കത്തിനും പേരുകേട്ടവരാണ് രാജാവിന്റെ സുരക്ഷാ ഭടന്മാർ. ബെക്കിംഗ്ഹാം കൊട്ടാരത്തിലും സെൻ്റ് ജെയിംസ് കൊട്ടാരത്തിനുപുറത്തുമെല്ലാം ഇവർ കുതിരപ്പുറത്ത് നിലയുറപ്പിച്ചിട്ടുണ്ട്. മാത്രമല്ല ലോകത്തിന്റെ നാനാഭാഗത്തുനിന്നെത്തുന്ന വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണവും ഇവരാണ്. പലരും കാവൽക്കാർക്കൊപ്പവും കുതിരയുടെ സമീപവും നിന്ന് ഫോട്ടോയ്‌ക്ക് പോസ് ചെയ്യാറുണ്ട്. പ്രകോപനപരമായ രീതിയിൽ കുതിരയെ സ്പർശിക്കുന്നതും ചേർന്ന് നിൽക്കുന്നതും വിലക്കിയിട്ടുണ്ട്.















