ശ്രീനഗർ: ജമ്മുകശ്മീരിലെ പൂഞ്ചിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു. ലാൻസ് നായിക്ക് സുഭാഷ് കുമാർ ആണ് വീരമൃത്യുവരിച്ചത്. പൂഞ്ച് ജില്ലയിൽ നിയന്ത്രണ രേഖയ്‌ക്കടുത്ത് ചൊവ്വാഴ്ച പുലർച്ചയോടെയായിരുന്നു സംഭവം.
ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തുന്നതിനിടെ ഗുരുതരമായി പരിക്കേറ്റ സുഭാഷ് കുമാർ പിന്നീട് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം സൈന്യത്തിന് കൈമാറിയതായി പോലീസ് അറിയിച്ചു. പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചതായും അധികൃതർ പറഞ്ഞു.
കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ ഒരു സൈനിക പോസ്റ്റിനു നേരെയുണ്ടായ ഭീകരാക്രമണ ശ്രമം സൈന്യം പരാജയപ്പെടുത്തിയിരുന്നു. സംഭവത്തിൽ ഒരു സൈനികനും ഒരു സാധാരണക്കാരനും പരിക്കേറ്റിരുന്നു.















