ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷ റദ്ദാക്കില്ലെന്നും പുനഃപരീക്ഷകൾ ആവശ്യമില്ലെന്നുമുള്ള സുപ്രീംകോടതി വിധി സത്യത്തിന്റെ വിജയമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. കോടതിവിധിയോടെ സത്യാവസ്ഥ പുറത്തുവന്നെന്നും വിഷയത്തിലെ പ്രതിപക്ഷത്തിന്റെ പങ്ക് എന്താണെന്ന് എല്ലാവർക്കും ബോധ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ പരീക്ഷ സമ്പ്രദായത്തെ തട്ടിപ്പാണെന്നുവരെ ആരോപിച്ച പ്രതിപക്ഷ നേതാവിന്റെ ഇന്നലെവരെയുള്ള സമീപനം അദ്ദേഹത്തിന്റെ മാനസിക നില തെളിയിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു.
രാഹുൽ വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിച്ചു, അവർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കി അവരെ പ്രകോപിപ്പിച്ച് സമൂഹത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചു, ഇതെല്ലം പ്രതിപക്ഷ നേതാവിന്റെ ആസൂത്രിതമായ പദ്ധതികളായിരുന്നു. തെരഞ്ഞെടുപ്പ് ഫലം നിരസിച്ചതിലൂടെ രാജ്യത്ത് ആഭ്യന്തര കലാപവും അരാജകത്വവും സൃഷ്ടിക്കുകയാണ് രാഹുലിന്റെ രാഷ്‌ട്രീയമെന്ന് വ്യക്തമായെന്നും ധർമേന്ദ്ര പ്രധാൻ പറഞ്ഞു.
ഇത്തരം നിരുത്തരവാദപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട പ്രതിപക്ഷം രാജ്യത്തെ വിദ്യാർത്ഥികളോടും അവരുടെ മാതാപിതാക്കളോടും മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാഷ്‌ട്രീയ വൈരാഗ്യങ്ങൾ പലതാകാമെന്നും എന്നാൽ രാജ്യത്തെ വിദ്യാർത്ഥികൾ എല്ലാവരുടേതുമാണെന്നും അദ്ദേഹം പ്രതിപക്ഷത്തെ ഓർമ്മിപ്പിച്ചു.
മെയ് അഞ്ചിന് നടന്ന നീറ്റ്-യുജി 2024 പരീക്ഷ റദ്ദാക്കിയാൽ അത് ഈ രാജ്യത്തെ 24 ലക്ഷം വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുമെന്നും രാജ്യവ്യാപക ക്രമക്കേട് നടന്നതായി തെളിയിക്കാൻ നിലവിൽ സമർപ്പിക്കപ്പെട്ടിട്ടുള്ള തെളിവുകൾ പര്യാപ്തമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി നീറ്റ് പരീക്ഷകൾ റദ്ദാക്കില്ലെന്നും പുനഃപരീക്ഷകൾ ആവശ്യമില്ലെന്നും വിധിച്ചത്.















