ഗുജറാത്ത് ടൈറ്റൻസുമായി വേർപിരിയാനൊരുങ്ങി പരിശീലകൻ ആശിഷ് നെഹ്‌റ. ടീം ഡയറക്ടർ വിക്രം സോളങ്കിയും ടൈറ്റൻസ് വിടുമെന്നാണ് റിപ്പോർട്ട്. 2022-ൽ ആദ്യമായി ഐപിഎല്ലിന്റെ ഭാഗമായ ടീമിനെ ആ സീസണിൽ തന്നെ കിരീടനേട്ടത്തിലേക്ക് നയിച്ചതോടെയാണ് ആശിഷ് നെഹ്‌റയെന്ന പരിശീലകൻ അത്ഭുതമായത്. 2022-ൽ കിരീടവും 2023-ൽ ഫൈനലിസ്റ്റുകളുമായെങ്കിലും 2024ലെ ഐപിഎല്ലിൽ ഗുജറാത്തിന്റെ പ്രകടനം മോശമായിരുന്നു. ഇതിന് പിന്നാലെയാണ് നെഹ്‌റ പരിശീലകസ്ഥാനം ഒഴിയാൻ ഒരുങ്ങുന്നത്. മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ് ഗുജറാത്ത് ടൈന്റൻസിന്റെ പരിശീലകനാകുമെന്നും റിപ്പോർട്ടുകളുണ്ട്.
മുംബൈ ഇന്ത്യൻസിലേക്ക് ചേക്കേറിയ ഹാർദിക്കിന് പകരക്കാരനായി ശുഭ്മാൻ ഗിൽ ഗുജറാത്തിന്റെ നായക സ്ഥാനത്തേക്ക് എത്തിയിരുന്നു. എന്നാൽ താരത്തിന്റെ ക്യാപ്റ്റൻസിയിൽ കഴിഞ്ഞ സീസണിൽ ടീം എട്ടാമതായാണ് ഫിനിഷ് ചെയ്തത്. ഇതോടെയാണ് ആശിഷ് നെഹ്‌റയെ പരിശീലകസ്ഥാനത്ത് നിന്ന് മാറ്റുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയത്. എന്നാൽ നെഹ്‌റയ്‌ക്ക് പകരക്കാരാനായി എത്തുന്ന യുവരാജിന് പരിശീലകനായുള്ള മുൻപരിചയമില്ല. ശുഭ്മാൻ ഗിൽ, അഭിഷേക് ശർമ്മ പോലുള്ള താരങ്ങളുടെ മെന്ററെന്ന നിലയിൽ യുവി ശ്രദ്ധ നേടിയിട്ടുണ്ട്. ഇക്കാര്യം പരിഗണിച്ചാണ് ഗുജറാത്ത് യുവരാജിനെ അടുത്ത സീസണിലേക്ക് മുഖ്യപരിശീലകനായി പരിഗണിക്കുന്നത്.
ഗുജറാത്ത് ടൈറ്റൻസിന്റെ ഓഹരികൾ സിവിസി ക്യാപിറ്റൽസ് വിൽക്കാനൊരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്. ഐപിഎൽ 2025 സീസണിന് മുന്നോടിയായി മെഗാ താരലേലത്തെ കുറിച്ച് ചർച്ച ചെയ്യാനായി ഐപിഎൽ ടീം ഉടമകൾ ബിസിസിഐ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. 30-നോ 31 നോ ആയിരിക്കും കൂടിക്കാഴ്ച. ടീമിൽ നിലനിർത്താനാവുന്ന താരങ്ങൾ, ഇംപാക്ട് പെയർ, ചെലവാക്കാനാവുന്ന തുക എന്നിവയെ കുറിച്ചായിരിക്കും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യുക.