ന്യൂഡൽഹി: യൂട്യൂബർ ധ്രുവ് റാഠിക്ക് ഡൽഹി കോടതിയുടെ സമൻസ്. മുംബൈയിലെ ബിജെപി നേതാവ് സുരേഷ് കാരംഷി നഖ്വ സമർപ്പിച്ച മാനനഷ്ടക്കേസിലാണ് കോടതി ഇടപെടൽ. ജില്ലാ ജഡ്ജി ഗുഞ്ജൻ ഗുപ്തയുടേതാണ് ഉത്തരവ്.
നഖ്വയെ അക്രമാകാരിയെന്ന് (violent and abusive) ധ്രുവ് റാഠി വിശേഷിപ്പിച്ചുവെന്നാണ് ഹർജിയിൽ പറയുന്നത്. ബിജെപിയുടെ മുംബൈ യൂണിറ്റിന്റെ വക്താവാണ് സുരേഷ് കാരംഷി നഖ്വ. ജൂലൈ ഏഴിന് “My Reply to Godi Youtubers | Elvish Yadav | Dhruv Rathee” എന്ന തലക്കെട്ടോടെ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് നഖ്വയ്‌ക്കെതിരെ പരാമർശമുണ്ടായത്.
ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ കാട്ടുതീ പടരുന്നതു പോലെയാണ് ധ്രുവ് റാഠിയുടെ വീഡിയോ പ്രചരിച്ചത്. വീഡിയോയിൽ തന്നെക്കുറിച്ച് അടിസ്ഥാനഹിതമായ വാദങ്ങൾ ഉയർത്തിയിരുന്നു. ഇതുകാരണം സമൂഹത്തിൽ നിന്നും അപമാനം നേരിട്ടുവെന്നും നഖ്വ പറയുന്നു. ചില ആരോപണങ്ങൾ ഒരിക്കലും ഉണങ്ങാത്ത മുറിവായി തുടരുകയാണ് ചെയ്യുക. ജനങ്ങളിൽ സംശയത്തിന്റെ വിത്തുകൾ പാകുന്ന ധ്രുവ് റാഠിയുടെ പരാമർശം ദൂരവ്യാപകമായ പ്രത്യാഖാതങ്ങളുണ്ടാക്കുമെന്നും നഖ്വ പറഞ്ഞു.