കോട്ടയം/തൃശൂർ: ഹിന്ദു മതഗ്രന്ഥങ്ങളെ അധിക്ഷേപിക്കുന്ന പംക്തി പ്രസിദ്ധീകരിച്ച മാധ്യമം ദിനപത്രത്തിനെതിരെ ഹിന്ദു ഐക്യവേദിയുടെ പ്രതിഷേധം. കോട്ടയത്തെ മാധ്യമം ബ്യൂറോ ഓഫീസിലേക്ക് ഹിന്ദു ഐക്യവേദി പ്രതിഷേധ മാർച്ച് നടത്തി. പംക്തി പിൻവലിച്ച് ഹിന്ദുസമൂഹത്തോട് മാപ്പുപറയണമെന്നും മതനിന്ദയ്‌ക്കെതിരെ പോലീസ് കേസെടുക്കണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.
സംസ്ഥാന വക്താവ് ഇ.എസ്. ബിജുവാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്. പ്രതിഷേധ മാർച്ചിൽ സംസ്ഥാന ഉപാദ്ധ്യക്ഷൻമാരായ പി.എസ്. പ്രസാദ്, പ്രൊഫസർ ടി ഹരിലാൽ, അനിത ജനാർദ്ദനൻ, മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ബിന്ദു മോഹൻ തുടങ്ങിയവർ പങ്കെടുത്തു.
മാധ്യമത്തിന്റെ തൃശൂർ ബ്യൂറോയിലേക്കും ജില്ലാ കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി. നടുവിലാലിൽ നിന്ന് ആരംഭിച്ച മാർച്ച് തൃശൂർ ബ്യൂറോയുടെ മുൻപിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റ് മോഹൻ മേനോൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധാകരൻ മുഖ്യ പ്രഭാഷണം നടത്തി. തിരുവനന്തപുരം ബ്യൂറോയിലേക്കും ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടന്നു.
മാധ്യമം പത്രത്തിന്റെ കൊല്ലം ഓഫീസിലേക്കും ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ചിന്നക്കടയിൽ നിന്ന് ആരംഭിച്ച മാർച്ച് ബ്യൂറോയ്‌ക്ക് മുന്നിൽ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ഹൈന്ദവ ആചാരങ്ങളേയും അനുഷ്ഠാനങ്ങളേയും അവഹേളിക്കുന്ന നടപടി ജമാഅത്ത് ഇസ്ലാമിയും മുഖപത്രവും അവസാനിപ്പിക്കണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. തുടർന്ന് മാധ്യമം പത്രം കത്തിച്ച് പ്രതിഷേധിച്ചു. ആർഎസ്എസ് സംസ്ഥാന കാര്യകാരി അംഗം വി. മുരളീധരൻ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു.
‘രാമായണ സ്വരങ്ങൾ’ എന്ന പേരിൽ മാധ്യമം ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച പംക്തിക്കെതിരെയാണ് പ്രതിഷേധം. ഡോ. ടി.എസ് ശ്യാംകുമാറായിരുന്നു പംക്തി എഴുതിയത്. ശ്രീരാമചന്ദ്രനെയും ആദികവി വാത്മീകിയെയും ഭാഷാ പിതാവ് തുഞ്ചത്തെഴുത്തച്ഛനെയും അധിക്ഷേപിക്കുന്നതാണ് പംക്തിയെന്ന് ഹിന്ദു ഐക്യവേദി ചൂണ്ടിക്കാട്ടിയിരുന്നു. ജമാഅത്തെ ഇസ്ലാമിയുടെ ഉടമസ്ഥതയിലുള്ള ദിനപത്രം രാമായണത്തിനെതിരെ പംക്തി പ്രസിദ്ധീകരിച്ച് മതവികാരം വ്രണപ്പെടുത്തുകയും കലാപത്തിന് അവസരം ഒരുക്കുകയുമാണ് ചെയ്യുന്നതെന്നും ഹിന്ദു ഐക്യവേദി വിമർശിച്ചു.















