കേരളത്തിന്റെ കാൽപ്പന്ത് ആരവത്തിന് ഇനി മാറ്റ് കൂടും. സൂപ്പർ ലീഗ് കേരള ടീമായ ഫോഴ്സ കൊച്ചി എഫ്സിയുടെ ലോഗോ പുറത്തുവിട്ട് ടീം ഉടമയും നടനുമായ പൃഥ്വിരാജ്. ‘ഇത് നമ്മുടെ കഥ, ഇത് നമ്മുടെ ലോഗോ’ എന്ന അടിക്കുറിപ്പോടെ ക്ലബ്ബിന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ പങ്കുവച്ച വീഡിയോയാണ് പൃഥ്വിരാജും ഷെയർ ചെയ്തിരിക്കുന്നത്.
കൊച്ചിയുടെ മനോഹാരിത എടുത്തുകാട്ടുന്ന വീഡിയോയിൽ ലോഗോയുടെ ഓരോ പ്രത്യേകതകളും നിറഞ്ഞുനിൽക്കുന്നുണ്ട്. സ്റ്റേഡിയത്തെ സൂചിപ്പിക്കുന്ന വൃത്തവും അറബിക്കടലും കേരളത്തിന്റെ സ്വന്തം കൽപ്പവൃക്ഷവും ആനയും സൂചിപ്പിക്കുന്ന രീതിയിലാണ് ലോഗോ ഡിസൈൻ. പർപ്പിളും ഗോൾഡും നിറത്തിലുള്ള ലോഗോയിൽ ഏഴ് നക്ഷത്രങ്ങളുമുണ്ട്.
കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ, കണ്ണൂർ, മലപ്പുറം എന്നിവിടങ്ങളിലെ ആറ് ടീമുകളാണ് പ്രഥമ സീസണിൽ മാറ്റുരയ്ക്കുക. 45 ദിവസം നീണ്ടുനിൽക്കുന്ന ടൂർണമെന്റിന് സെപ്റ്റംബറിൽ തുടക്കമാകും. ലീഗിലൂടെ കേരളത്തിലെ വളർന്നുവരുന്ന നിരവധി താരങ്ങൾക്ക് ദേശീയ ടീമിലേക്കും ക്ലബുകളിലേക്കും വഴിതുറക്കുമെന്നാണ് പ്രതീക്ഷ.