വാഷിംഗ്ടൺ: യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്ത് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ദുഷ്ടശക്തികൾക്കെതിരെ പോരാടാൻ ഇസ്രായേലും അമേരിക്കയും ഒരുമിച്ച് നിൽക്കണമെന്ന് നെതന്യാഹു തന്റെ പ്രസംഗത്തിൽ അഭ്യർത്ഥിച്ചു. ഹമാസ് ഭീകരർക്കെതിരെ നടത്തുന്ന പോരാട്ടത്തെക്കുറിച്ചും നെതന്യാഹു വിശദീകരിച്ചു. ഹൗസ് സ്പീക്കർ മൈക്ക് ജോൺസണിന്റെ നേതൃത്വത്തിലാണ് നെതന്യാഹുവിന് സ്വീകരണം ഒരുക്കിയത്.
റിപ്പബ്ലിക് പാർട്ടി അംഗങ്ങളുടെ ഇടയിൽ നിന്നും നെതന്യാഹുവിന് വലിയ പിന്തുണ ലഭിച്ചെങ്കിലും, പ്രസംഗത്തിൽ നടത്തിയ ചില പരാമർശങ്ങളിന്മേൽ ഡെമോക്രാറ്റ് അംഗങ്ങളിൽ പലരും എതിർപ്പ് അറിയിച്ചു. ഹമാസിനെതിരെ സമ്പൂർണ വിജയം നേടുന്നത് വരെ പോരാട്ടം തുടരുമെന്ന് നെതന്യാഹു ആവർത്തിച്ചു. ഹമാസിനും ഇറാന്റെ പിന്തുണയുള്ള ഭീകരവാദ ശക്തികൾക്കുമെതിരെ പോരാടാൻ അമേരിക്കയുടെ കൂടി പിന്തുണ ഇസ്രായേലിന് ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
” അമേരിക്കയും ഇസ്രായേലും ഒരുമിച്ച് നിൽക്കേണ്ട സമയമാണിത്. നമ്മൾ ഒരുമിച്ച് നിന്നാൽ സംഭവിക്കുന്നത് ഒരു കാര്യമാണ്. നമ്മൾ വിജയിക്കുകയും അവർ തോൽക്കുകയും ചെയ്യുമെന്നും” നെതന്യാഹു പറഞ്ഞു. ഹമാസ് ഭീകരർ ബന്ദികളാക്കിയവരോടുള്ള ഐക്യദാർഢ്യം അറിയിക്കുന്നതിനായി മഞ്ഞ നിറത്തിലുള്ള ബാഡ്ജ് ധരിച്ചാണ് അദ്ദേഹം സഭയിലെത്തിയത്.
ഇസ്രായേലിനെതിരെ പ്രതിഷേധിക്കുന്നവർ തീവ്രവാദികളെ പിന്തുണയ്‌ക്കുകയാണെന്നും നെതന്യാഹു ആരോപിച്ചു. ” ഇസ്രായേലിനെ എതിർക്കുന്നവർ തിന്മയ്‌ക്കൊപ്പമാണ് നിൽക്കുന്നത്. ഹമാസ് ഭീകരരെ പിന്തുണയ്‌ക്കുന്ന നിലപാടുകൾ ഒരിക്കലും അംഗീകരിക്കില്ല. പ്രതിഷേധക്കാർ സ്വയം ചിന്തിക്കണമെന്നും” അദ്ദേഹം ചൂണ്ടിക്കാട്ടി. ഹമാസ് ഭീകരർ ബന്ദികളാക്കിയ ആളുകളും കുടുംബാംഗങ്ങളും ഹൗസ് ചേംബറിൽ എത്തിയിരുന്നു.