കോഴിക്കോട്: സൈബർ ആക്രമണം നേരിടുന്നതായി അർജുന്റെ കുടുംബം. സമൂഹ മാദ്ധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടക്കുന്നതായി കുടുംബം ആരോപിച്ചു. പിന്നാലെ കുടുംബം പൊലീസിൽ പരാതി നൽകി. അർജുന്റെ അമ്മ വാർത്താ സമ്മേളനത്തിടെ പറഞ്ഞ വാക്കുകൾ എഡിറ്റ് ചെയ്ത് മാറ്റിയാണ് പ്രചരണം. അധിക്ഷേപകരമായ വാർത്തകൾ നൽകിയെന്ന് ചൂണ്ടിക്കാട്ടി കുടുംബം യൂട്യൂബ് ചാനലുകൾക്കെതിരെ ചേവായൂർ പൊലീസിൽ പരാതി നൽകി.
വാർത്താ സമ്മേളനത്തിനിടെ നടത്തിയ പരാമർശങ്ങളാണ് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നത്. അർജുന്റെ അമ്മ സൈന്യത്തെ ഉൾപ്പടെ വിമർശിച്ച് വൈകാരികമായി സംസാരിച്ചതോടെയാണ് ഒരു വിഭാഗം ഇവർക്കെതിരെ തിരിഞ്ഞത്. അർജുൻ വീഴാൻ സാധ്യതയുള്ള വലിയ കുഴി മണ്ണിട്ടു മൂടുകയാണുണ്ടായതെന്നും ജീവനോടെ കിട്ടുമെന്ന് പ്രതീക്ഷയില്ലെന്നുമാണ് അമ്മ ഷീല കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞത്. സൈന്യം എത്തിയപ്പോൾ വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ആ പ്രതീക്ഷ ഇല്ലാതായെന്നുമായിരുന്നും അമ്മ കൂട്ടിച്ചേർത്തു.
ഇതോടെ മാദ്ധ്യമങ്ങളെ കാണുന്നതിന് പോലും അമ്മ വിമുഖത കാണിക്കുകയാണ്. കുടുംബത്തിന് പുറമേ രക്ഷാപ്രവർത്തകൻ രഞ്ജിത്ത് ഇസ്രായേലിനെതിരെയും സൈബറിടത്തിൽ ഏറ്റുമുട്ടൽ തുടരുകയാണ്.















