ന്യൂയോർക്ക്: ചെറുപ്പക്കാർക്ക് അധികാരത്തിന്റെ ബാറ്റൺ കൈമാറാനുള്ള സമയമാണിതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുകയാണെന്ന പ്രഖ്യാപനത്തിന് ശേഷം ഇതാദ്യമായാണ് ബൈഡൻ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്. കമല ഹാരിസ് അനുയോജ്യയായ സ്ഥാനാർത്ഥിയാണെന്നും, രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാൻ കഴിവും പ്രാപ്തിയുമുള്ള വ്യക്തിയുമാണെന്നും ബൈഡൻ പ്രശംസിച്ചു.
” ഒരു പദവിയെക്കാളും പ്രതിരോധം ശക്തമാക്കുക എന്നത് ജനാധിപത്യത്തിൽ വളരെ പ്രധാനപ്പെട്ട കാര്യമാണ്. പുതിയ തലമുറയ്‌ക്ക് അധികാരത്തിന്റെ ബാറ്റൺ കൈമാറുക എന്ന വഴിയാണ് ഞാൻ ഇതിനായി കണ്ടെത്തിയത്. രാജ്യത്തെ ഒന്നിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകാനുള്ള ഏറ്റവും നല്ല തീരുമാനം അത് തന്നെയാണ്. വരുന്ന ആറ് മാസവും പ്രസിഡന്റ് എന്ന നിലയിലുള്ള എന്റെ കർത്തവ്യം ഭംഗിയായി നിർവഹിക്കുക ചെയ്യും. അതിലായിരിക്കും ഇനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും” ബൈഡൻ പറയുന്നു.
ആരോഗ്യം മോശമായതിനാലാണ് ബൈഡൻ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചതെന്ന പ്രചാരണങ്ങളെ വൈറ്റ് ഹൗസ് തള്ളിയിരുന്നു. തീരുമാനത്തിന് ബൈഡന്റെ ആരോഗ്യവുമായി യാതൊരു ബന്ധവുമില്ലെന്നും, പ്രചരിക്കുന്ന വാർത്തകളിൽ യാതൊരു അടിസ്ഥാനവുമില്ലെന്നും പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറി പറഞ്ഞു. കോവിഡ് ബാധിച്ചതിന് പിന്നാലെ ഒരാഴ്ചയോളം ഐസൊലേഷനിലായിരുന്ന ബൈഡൻ കഴിഞ്ഞ ദിവസമാണ് വൈറ്റ് ഹൗസിലേക്ക് തിരികെ എത്തിയത്.
തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യനല്ലെങ്കിൽ ഇനി അയാൾ പ്രസിഡന്റായി തുടരാനും യോഗ്യനല്ലെന്നും, അതിനാൽ ബൈഡൻ സ്ഥാനമൊഴിയണമെന്നും റിപ്പബ്ലിക്കൻ പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് പരിഹാസ്യമാണെന്ന് ചൂണ്ടിക്കാട്ടിയ കരീൻ ജീൻ പിയറി, ബൈഡന്റെ ആരോഗ്യസ്ഥിതിക്ക് യാതൊരു പ്രശ്‌നങ്ങളുമില്ലെന്ന് ആവർത്തിച്ചു. വൈറ്റ് ഹൗസിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. വരും ദിവസങ്ങളിൽ ഏറ്റവും നല്ല രീതിയിൽ തന്നെ അദ്ദേഹം കർത്തവ്യനിർവഹണം പൂർത്തിയാക്കുമെന്നും ഇവർ പറഞ്ഞു.