സിയോൾ: ദക്ഷിണ കൊറിയയിലേക്ക് മാലിന്യം നിറച്ച ബലൂണുകൾ അയയ്ക്കുന്നത് തുടർന്ന് ഉത്തരകൊറിയ. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തേക്ക് ഇത്തരത്തിലുള്ള 500ഓളം ബലൂണുകളാണ് എത്തിയതെന്ന് ദക്ഷിണ കൊറിയയിലെ ഉദ്യോഗസ്ഥർ ആരോപിച്ചു. ഇത്തരം ബലൂണുകൾ വ്യോമഗതാഗതത്തെ തടസ്സപ്പെടുത്തുകയാണെന്നും, പ്രദേശത്തെ ഒരു റെസിഡഷ്യൽ ഏരിയയിലുള്ള കെട്ടിടത്തിന് മുകളിൽ തീപിടിത്തത്തിന് കാരണമാവുകയും ചെയ്തതായി ഉദ്യോഗസ്ഥർ ആരോപിച്ചു.
ദക്ഷിണ കൊറിയ തങ്ങൾക്കെതിരെ ലഘുലേഖകൾ ഉപയോഗിച്ച് വ്യാജപ്രചരണം നടത്തുകയാണെന്ന് ആരോപിച്ചാണ് ഉത്തരകൊറിയയുടെ നീക്കം. ആകാശത്ത് ബലൂണുകൾ നിറഞ്ഞത് വിമാന സർവീസുകളെ സാരമായി ബാധിച്ചുവെന്നാണ് റിപ്പോർട്ട്. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം സിയോളിലെ ജിമ്പോ വിമാനത്താവളത്തിൽ രണ്ട് മണിക്കൂറോളം സമയമാണ് വിമാന സർവീസുകൾ പൂർണമായും നിർത്തിവച്ചത്. വിമാനത്തിന്റെ ടേക്ക് ഓഫും ലാൻഡിംഗും ഈ സമയത്ത് അനുവദിച്ചിരുന്നില്ല.
രാജ്യത്തെ തന്നെ മറ്റൊരു പ്രധാന വിമാനത്താവളമായ ഇഞ്ചിയോണിലെ വിമാനസർവീസുകളേയും ബലൂൺ പറത്തൽ സാരമായി ബാധിച്ചിട്ടുണ്ട്. ഇവിടെ പല ദിവസങ്ങളിലും വിമാന സർവീസുകൾ നിർത്തിവയ്‌ക്കേണ്ട സാഹചര്യം വന്നുവെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. സിയോളിലെ ജിയോങിയിലെ കെട്ടിടത്തിന് മുകളിലാണ് ബലൂൺ തീപിടിച്ച് വീണത്. പിന്നീട് അഗ്നിശമന സേനയുടെ നേതൃത്വത്തിലാണ് ഇവിടെ തീയണച്ചത്.
ബലൂണുകളിലുള്ള പോപ്പറുകളാണ് തീപിടിത്തത്തിന് ഇടയാക്കുന്നതെന്ന് ദക്ഷിണ കൊറിയൻ സൈന്യം ആരോപിച്ചു. തീപിടിക്കുന്ന വസ്തുക്കൾ നിറച്ച ശേഷം ഇത്തരം പോപ്പറുകൾ ബലൂണുകളിൽ ഇടുന്നുണ്ടെന്നും, വലിയ അപകടത്തിലേക്ക് ഇത് നയിച്ചേക്കുമെന്നും ഇവർ പറയുന്നു. ടൈമറുകൾ ഘടിപ്പിച്ചാണ് ഇവയുടെ പ്രവർത്തനം. ഒരു പ്രത്യേക സമയം കഴിയുമ്പോൾ അവ പൊട്ടിത്തെറിക്കുന്ന രീതിയിലാകും ഇവ ക്രമീകരിക്കുന്നതെന്ന് ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് വക്താവ് ലീ സുങ് ജുൻ ആരോപിച്ചു. വ്യാഴാഴ്ച വരെ 480ലധികം ബലൂണുകൾ കണ്ടെത്തിയെന്നും, റെസിഡൻഷ്യൽ ഏരിയയിൽ ഇവ പതിക്കുന്നത് ഓരോ പ്രദേശത്തേയും സാരമായി ബാധിക്കുന്നുണ്ടെന്നും ലീ പറയുന്നു.















