ബാലതാരം ദേവനന്ദയ്ക്ക് പിറന്നാൾ ആശംസയുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. മാളികപ്പുറം ചിത്രത്തിന്റെ തിരക്കഥ രചിക്കുന്ന വേളയിലെ ഓർമകൾ പങ്കുവച്ചുകൊണ്ടാണ് പിറന്നാൾ ആശംസ അറിയിച്ചത്.
‘അക്ഷരങ്ങളിലൂടെ ഞാൻ ജന്മം നൽകിയ കല്ലുവായി നീ അഭിനയിക്കാൻ എത്തിയപ്പോൾ ശെരിക്കും അത്ഭുതം തോന്നി. കാരണം, എഴുതുമ്പോൾ ഞാൻ മനസ്സിൽ കണ്ട കല്ലുവിന്റെ മുഖം തന്നെയായിരുന്നു നിനക്ക്. മാളികപ്പുറമായി നീ ക്യാമറയ്ക്ക് മുന്നിൽ പകർന്നാടിയപ്പോൾ അമ്മമാർക്കും മുത്തശ്ശിമാർക്കും കുട്ടികൾക്കും എല്ലാം നീ പ്രിയപ്പെട്ടവളായി….ഇനിയും ഒരുപാട് കഥാപാത്രങ്ങളായി അത്ഭുതപ്പെടുത്തുന്നത് കാണാൻ കാത്തിരിക്കുന്നു. എന്റെ കല്ലുവിന് ഒരായിരം പിറന്നാൾ ആശംസകൾ.’- അഭിലാഷ് പിള്ള കുറിച്ചു.
പിറന്നാൾ ദിനത്തോടനുബന്ധിച്ച് പുതിയ വാഹനം വാങ്ങിയതിന്റെ സന്തോഷവും ദേവനന്ദയുടെ പിതാവ് സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചു. ഇന്നോവ ഹൈക്രോസ് ഹൈബ്രിഡിന്റെ ഉയർന്ന മോഡലാണ് ദേവനന്ദയുടെ പിതാവ് വാങ്ങിയത്. ഏകദേശം 30.98 ലക്ഷം രൂപയാണ് പുതിയ വാഹനത്തിന്റെ എക്സ്ഷോറൂം വില. സെക്കൻഡ് ഹാൻഡ് വാഹനമാണ് താരം സ്വന്തമാക്കിയത്.