പാരിസ്: ഇന്ത്യൻ വനിതാ അമ്പെയ്ത്ത് ടീം നേരിട്ട് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ഭജൻ കൗർ, ദീപിക കുമാരി, അങ്കിത ഭകത് എന്നിവരടങ്ങുന്ന ടീമാണ് റാങ്കിംഗ് റൗണ്ടിൽ 1983 പോയിൻ്റുമായി നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. 2,046 പോയിൻ്റ് നേടിയ ദക്ഷിണ കൊറിയ ആണ് ഒന്നാം സ്ഥാനത്ത്. തൊട്ടുപിന്നാലെ യഥാക്രമം ചൈനയും(1,996), മെക്സിക്കോയും(1,986) ആണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
666 പോയിന്റുമായി വ്യക്തിഗത വിഭാഗത്തിൽ അങ്കിത 11-ാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. സീസണിലെ മികച്ച പ്രകടനമാണിത്. ഫ്രാൻസ്-നെതർലൻഡ് മത്സരത്തിലെ വിജയിയെയാകും ഇന്ത്യ ക്വാർട്ടറിൽ നേരിടുക.റാങ്കിംഗ് റൗണ്ടിൽ, ഓരോ ഷൂട്ടറും 72 അമ്പുകൾ ലക്ഷ്യ സ്ഥാനത്ത് എയ്യേണ്ടതുണ്ട്. 36 വീതം അവസരമുള്ള രണ്ട് പകുതികളാണ് റൗണ്ടിലുള്ളത്. ഓരോ സെറ്റിലും ആറ് അമ്പുകൾ എയ്യാം.
അങ്ങനെ ആറ് സെറ്റുകൾ. ആദ്യ നാല് സ്ഥാനക്കാർ ക്വാർട്ടർ ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടി. ആദ്യ സെറ്റിൽ ഇന്ത്യൻ താരങ്ങളായ അങ്കിത ഭകത് 54 പോയിൻ്റ് നേടി 22-ാം സ്ഥാനത്തും ദീപിക കുമാരിക്ക് 51 പോയിൻ്റുമായി 51-ാം സ്ഥാനവും ഭജൻ കൗറിന് 51 പോയിൻ്റുമായി 52-ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്യാനായത്.