സമനിലയിൽ പിരിഞ്ഞ മത്സരത്തിന്റെ വിധി വാർ നിർണയിച്ചതോടെ ഒളിമ്പിക്‌സ് ഫുട്‌ബോളിലെ അപൂർവ്വ നിമിഷത്തിനാണ് അർജന്റീന മൊറോക്കോ -മത്സരം വേദിയായത്.
അവസാന മിനിറ്റിൽ ക്രിസ്റ്റ്യൻ മെദിന നേടിയ തകർപ്പൻ ഗോളിലൂടെ അർജന്റീന തോൽവിയിൽ നിന്ന് കരകയറിയെന്ന ആശ്വാസത്തിലായിരുന്നു ആരാധകർ. എന്നാൽ, കളി കഴിഞ്ഞെന്ന് കരുതി ഒരു മണിക്കൂറിന് ശേഷം ട്വിസ്റ്റ് വന്നു. സമനില ഗോൾ ഓഫ് സൈഡാണെന്ന് വിധിച്ചതോടെ മത്സരത്തിന്റെ ഗതിമാറി.
മൊറോക്കോ 2-1ന് മുന്നിട്ടുനിന്ന മത്സരത്തിൽ ഇഞ്ച്വെറി ടൈമിന്റെ 16-ാം മിനിറ്റിലാണ് അർജന്റീന സമനില നേടിയത്. ക്രിസ്റ്റിയൻ മെദിനയാണ് തോൽവിയിൽ നിന്ന് അർജന്റീനയുടെ മുഖം രക്ഷിച്ചത്. മെറോക്കൻ ആരാധകരുടെ സന്തോഷത്തെ തല്ലിക്കെടുത്തുന്നതായിരുന്നു ഈ ഗോൾ. പിന്നാലെ മൊറോക്കോ ആരാധകർ ഗ്രൗണ്ട് കയ്യേറുകയും താരങ്ങൾക്ക് നേരെയും ഗ്രൗണ്ടിലേക്കും കുപ്പികളും പടക്കവും എറിഞ്ഞതോടെ മത്സരം താത്കാലികമായി നിർത്തി വച്ചു. മൊറോക്കൻ ആരാധകരുടെ അതിര് കടന്ന രോഷപ്രകടനത്തിൽ പേടിച്ചുവിറച്ച അർജന്റെയ്ൻ താരങ്ങൾ ഡ്രസിംഗ് റൂമിലേക്ക് ഓടിപോകുന്നതിന്റെ ദൃശ്യങ്ങളും മിനിറ്റുകൾക്കകം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചു. പിന്നിടാണ് ട്വിസ്റ്റുണ്ടായത്. റഫറിമാർ ഫൈനൽ വിസിൽ മുഴക്കാത്തതിനാൽ മത്സരം തുടരുമെന്ന് അറിഞ്ഞതോടെ ഫുട്‌ബോൾ ആരാധകരും ഞെട്ടി.
തുടർന്ന് ഏകദേശം രണ്ട് മണിക്കൂറിന് ശേഷം കാണികളെ പുറത്താക്കി അടച്ചിട്ട സ്റ്റേഡിയത്തിൽ ബാക്കി മൂന്നു മിനിറ്റു കൂടി മത്സരം നടത്താൻ റഫറിമാർ തീരുമാനിച്ചു. എന്നാൽ, അതിന് മുമ്പ് നടത്തിയ വാർ പരിശോധനയിൽ അർജന്റീനക്ക് വേണ്ടി ക്രിസ്റ്റിയൻ മെദിന നേടിയ ഗോൾ ഓഫ്‌സൈഡാണെന്ന് റഫറിമാർ വിധിയെഴുതുകയും സമനില ഗോൾ റദ്ദാക്കുകയും ചെയ്തു. പിന്നീട് മൂന്ന് മിനിറ്റ് അധികസമയത്തും ഇരുടീമും ഗോൾ നേടാതെ വന്നതോടെ മൊറോക്കോ വിജയത്തിലെത്തുകയായിരുന്നു.
താൻ ജീവിതത്തിൽ കണ്ട ഏറ്റവും വലിയ ‘സർക്കസ്’ ആയിരുന്നു ആ മത്സരമെന്നാണ് അർജന്റീന കോച്ച് ഹാവിയർ മഷറാനോ ഇതിനോട് പ്രതികരിച്ചത്. കറുത്ത ബാക്ക്ഗ്രൗണ്ടിൽ ഇൻസോളിറ്റോ (അവിശ്വസനീയം) എന്നെഴുതിയ പോസ്റ്റ് ഇൻസ്റ്റഗ്രാമിൽ മെസിയും പങ്കുവച്ചിരുന്നു.
സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് കുഞ്ഞാരാധകൻ ഗ്രൗണ്ടിലേക്ക് എത്തിയതോടെ രണ്ടാംപകുതിയിലും മത്സരം തടസപ്പെട്ടിരുന്നു. മെസിയുടെ ജഴ്സി ധരിച്ചെത്തിയ കുട്ടി ആരാധകൻ ജൂലിയൻ അല്വാരസിനൊപ്പം സെൽഫി എടുത്താണ് മടങ്ങിയത്. മൊറോക്കൻ താരങ്ങൾ അനാവശ്യമായി സമയം വൈകിപ്പിച്ചതും മത്സരം വൈകാൻ കാരണമായി.