രണ്ടുവർഷമായി തുടരുന്ന ചുമയ്‌ക്ക് ഈ ചൈനക്കാരൻ ചെയ്യാത്ത ചികിത്സകളിലില്ല. 54 കാരനായ സൂ കിഴക്കൻ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിൽ നിന്നുള്ളയാളാണ്. ഡോക്ടറെ കാണാതെ നിരവധി മരുന്നുകൾ മാറിമാറി കഴിച്ചെങ്കിലും മരുന്ന് തീർന്നതല്ലാതെ ചുമയ്‌ക്ക് അയവുണ്ടായിരുന്നില്ല.
ഗതികെട്ടതോടെ സെജിയാങ് ആശുപത്രിയിലെ തൊറാസിക് സർജറി വിഭാഗത്തിൽ കാണിക്കാൻ തീരുമാനിച്ചു. സിടി സ്കാനിൽ വലതു ശ്വാസകോശത്തിനുള്ളിൽ ഒരു സെൻ്റീമീറ്റർ നീളമുള്ള ട്യൂമർ കണ്ടെത്തി. ഇത് അദ്ദേഹത്തിന് ന്യുമോണിയയോ, കാൻസർ ട്യൂമറോ ആണെന്ന് സാദ്ധ്യത വർദ്ധിപ്പിച്ചു. നൂതനമായ പരിശോധനകളിൽ അർബുദമാണെന്ന് ഏകദേശം ഉറപ്പിച്ചു.
ജൂലായ് മൂന്നിന് ശ്വാസകോശത്തിന്റെ ഒരുഭാഗം നീക്കം ചെയ്യുന്നതിന് മുൻപ് ഒരിക്കൽക്കൂടി കാൻസർ ഉറപ്പിക്കാൻ ഒരു പരിശോധന കൂടി ഡോക്ടർമാർ നടത്താൻ തീരുമാനിച്ചു. ഇതാണ് വഴിത്തിരിവായത്. ഈ പരിശോധനയിൽ ശ്വാസകോശത്തിൽ കുടുങ്ങിയ സാധനം കണ്ട് ഡോക്ടർമാരും ഒന്നു ഞെട്ടി.
ശ്വാസനാളത്തിൽ ചുവന്ന മുളകായിരുന്നു കുടുങ്ങിയിരുന്നത്. ഇതോടെ ശ്വാസകോശത്തിൽ അണുബാധയുണ്ടാകുകയും ചുമ രണ്ടുവർഷമായി തുടരുകയുമായിരുന്നു. ഒടുവിൽ മുളക് പുറത്തെടുത്തു. ഇതോടെ 53-കാരൻ രണ്ടുവർഷത്തിന് ശേഷം നന്നായി ശ്വസിച്ചു.















