വാഷിംഗ്ടൺ: ഈ വർഷം ഇന്ത്യയിൽ നടക്കുന്ന ക്വാഡ് രാഷ്‌ട്രതലവന്മാരുടെ വാർഷിക ഉച്ചകോടിയിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പങ്കെടുത്തേക്കുമെന്ന് വൈറ്റ് ഹൗസ്. ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും, നിലവിലെ പരിപാടിയിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ലെന്നും വൈറ്റ് ഹൗസ് നാഷണൽ സെക്യൂരിറ്റി കമ്മ്യൂണിക്കേഷൻസ് ഉപദേഷ്ടാവ് ജോൺ കിർബി വ്യക്തമാക്കി.
ബൈഡൻ വരുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെങ്കിലും, അതിന് മുൻകൂട്ടി നിശ്ചയിച്ച പരിപാടികളിൽ മാറ്റം വരുത്തുകയോ ചുമതലകളിൽ നിന്ന് വിട്ടു നിൽക്കാൻ ഉദ്ദേശിക്കുകയോ ചെയ്തിട്ടില്ലെന്നും ജോൺ കിർബി പറയുന്നു. ” അദ്ദേഹം ഇപ്പോഴും കൃത്യമായ ഇടപെടലുകൾ നടത്താൻ ആഗ്രഹിക്കുന്ന വിഷയങ്ങളുണ്ട്. യുക്രെയ്ൻ വിഷയത്തിൽ അദ്ദേഹം തുടർന്നും ഇടപെടും, ഗാസയിൽ പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കും. കാലാവസ്ഥാ വ്യതിയാനം എന്ന ആഗോള വിഷയം, ഇന്തോ-പസഫിക് മേഖലയിലെ പ്രശ്‌നങ്ങൾ തുടങ്ങീ അദ്ദേഹം ഇനിയും ഈ സ്ഥാനത്തിരുന്ന് ഇടപെടേണ്ടുന്ന വിഷയങ്ങളുണ്ടെന്നും” ജോൺ കിർബി പറയുന്നു.
രാജ്യത്തേയും പാർട്ടിയേയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാനാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയതെന്ന് ജോ ബൈഡൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.പദവിയെക്കാൾ പ്രധാനം ജനാധിപത്യത്തിന്റെ സംരക്ഷണമാണെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് കൊണ്ട് ജോ ബൈഡൻ പറഞ്ഞു. ” പുതിയ തലമുറയ്‌ക്ക് ബാറ്റൺ കൈമാറുകയാണെന്ന് ഞാൻ തീരുമാനിച്ചു. പദവിയെക്കാൾ പ്രാധാന്യം കൊടുക്കേണ്ടത് ജനാധിപത്യത്തിനാണ്. രാജ്യത്തെ ഒരുമിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകാനുള്ള മാർഗ്ഗം ഇതാണ്,
ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിൽ ഭിന്നതകളില്ല. അത്തരത്തിലുള്ള പ്രചരണങ്ങൾ തെറ്റാണ്. കമല ഹാരിസ് രാജ്യത്തിന് അനുയോജ്യയായ സ്ഥാനാർത്ഥിയാണ്. ശരിയായ ദിശയിൽ രാജ്യത്തെ മുന്നോട്ട് നയിക്കാനുള്ള കഴിവ് ഇവർക്കുണ്ടെന്നും” ജോ ബൈഡൻ പറയുന്നു. ആരോഗ്യപ്രശ്‌നങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടി ബൈഡന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ വിമർശനം കടുത്തിരുന്നു. ഇനിയും അധികാരത്തിൽ ആറ് മാസത്തോളം ബാക്കിയുണ്ടെന്നും, ഫലപ്രദമായ രീതിയിൽ തന്നെ ഈ സമയത്തെ വിനിയോഗിക്കുമെന്നും ബൈഡൻ വ്യക്തമാക്കിയിരുന്നു.















