ചരിത്രമുറങ്ങുന്ന പാരിസ് നഗരത്തെ ചുറ്റി ഒഴുകുന്ന സെൻ നദീതീരത്ത് ഇന്ന് ലോക കായിക മാമാങ്കത്തിന് തിരിതെളിയും. ആദ്യമായാണ് സ്റ്റേഡിയത്തിന് പുറത്ത് ഉദ്ഘാടന ചടങ്ങ് നടക്കുന്നത്. ഇന്ത്യൻ സമയം രാത്രി 11നാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കുക. കായികമാമാങ്കത്തിന് ഔദ്യോഗിക തുടക്കമാകുന്ന ഇന്ന് മത്സരങ്ങളില്ല. സ്‌പോർട്‌സ് 18 ചാനലിലും ജിയോ സിനിമയിലും ഉദ്ഘാടന ചടങ്ങ് കാണാം.
1900-ത്തിലും 1924-ലുമാണ് ഇതിന് മുമ്പ് പാരിസ് നഗരം ഒളിമ്പിക്‌സിന് വേദിയായത്. സെൻ നദിയിലാണ് മാർച്ച് പാസ്റ്റ്. ഐഫൽ ടവറിന് മുന്നിൽ, സെൻനദിക്കരയിലുള്ള ട്രൊക്കാദിറോ ഗാർഡനിൽ വച്ച് മാർച്ച് പാസ്റ്റ് അവസാനിക്കും. ഒളിമ്പിക്‌സ് ദീപം തെളിയിക്കുന്നത് ആരാണ് എന്നുള്ളതിലും സസ്‌പെൻസ് തുടരുകയാണ്. ഉദ്ഘാടന ചടങ്ങിലെ കലാപരിപാടികളെ കുറിച്ചും സംഘാടകർ വെളിപ്പെടുത്തിയിട്ടില്ല.
ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തുന്നത് ടെന്നീസ് താരം ശരത് കമലും ബാഡ്മിന്റൺ താരം പിവി സിന്ധുവുമാണ്. ദേശീയപതാക വഹിക്കുന്നതിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഇരുവരും പറഞ്ഞു. 117 താരങ്ങളാണ് പാരിസിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. 70 പുരുഷ താരങ്ങളും 47 വനിതകളും ഉൾപ്പെടുന്നു. കേരളത്തിന് അഭിമാനമായി 7 മലയാളികളും ഒളിമ്പിക്‌സ് സംഘത്തിലുണ്ട്.