കൊച്ചി: ട്രെയിനുകളെക്കുറിച്ചും അതിലുള്ള യാത്രയെക്കുറിച്ചുമെല്ലാം പൊതുവെ എല്ലാവർക്കുമുള്ള ചില കാഴ്ചപ്പാടുകൾ ഉണ്ട്. അത്തരത്തിൽ ട്രെയിൻ യാത്രയ്ക്കിടെ തനിക്ക് ഉണ്ടായ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് അനൂപ നാരായൺ എന്ന യുവതി. യാത്രയ്ക്കിടെ ട്രെയിനിലെ ഫാൻ കറങ്ങാതിരുന്നതും തുടർന്നുണ്ടായ സംഭവങ്ങളുമാണ് യുവതി സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചിരിക്കുന്നത്.
ട്രെയിനിൽ ഫാൻ കറങ്ങുന്നില്ലെന്ന പരാതി ടിടിഇയോടാണ് യുവതി പങ്കുവയ്ക്കുന്നത്. പരാതി പറഞ്ഞെങ്കിലും പ്രശ്ന പരിഹാരം ഉണ്ടാകുമെന്ന ചിന്തയൊന്നും യുവതിക്ക് ഇല്ലായിരുന്നു. എന്നാൽ വിഷയത്തിൽ ടിടിഇ നടത്തിയ ഇടപെടലും, വളരെ വേഗം തന്നെ ടെക്നീഷ്യന്മാർ ഫാനിന്റെ പ്രശ്നം പരിഹരിച്ചതുമാണ് അനൂപയുടെ കുറിപ്പിൽ പറയുന്നത്. റെയിൽവേയിൽ നിന്ന് തനിക്ക് അടുത്ത കാലത്ത് ഉണ്ടായ രണ്ടാമത്തെ നല്ല അനുഭവമാണെന്നും അനൂപ ഈ സംഭവത്തെ വിശേഷിപ്പിക്കുന്നു,
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം,
റെയിൽവെ പഴയ റെയിൽവേ അല്ല!
കഴിഞ്ഞ ദിവസം ഞാൻ കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് ട്രിവാൻഡ്രം എക്സ്പ്രസിൽ കയറി. മുകളിലെ ബെർത്തു ആയിരുന്നു. നോക്കുമ്പോൾ ഒരു ഫാൻ കറങ്ങുന്നില്ല. ടി ടി ഇ ടിക്കറ്റ് നോക്കാൻ വന്നപ്പോൾ ഞാൻ ഈ പരാതി പറഞ്ഞു. ചുമ്മാ പറഞ്ഞെന്നെ ഉള്ളൂ.. ഒന്നും നടക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നില്ല.
പുള്ളി അപ്പോൾ തന്നെ മൊബൈലിൽ എന്തോ ചെയ്തു. എന്നിട്ട് പറഞ്ഞു, ടെക്നിഷ്യൻ വരുമെന്ന്. പറഞ്ഞപോലെ ട്രെയിനിൽ ഉണ്ടായിരുന്ന ടെക്നിഷ്യൻ വന്ന് നോക്കി. വർക്ക് ചെയ്യിക്കാൻ പറ്റിയില്ല. ടി ടി ഇ എന്നോട് സോറി ഓക്കേ പറഞ്ഞു.
സ്വാഭാവികം!
ഇതിൽ കൂടുതൽ എന്ത് സംഭവിക്കാനാണ്..
പക്ഷെ എന്നെ അത്ഭുതപെടുത്തികൊണ്ട് കോഴിക്കോട് ആകെ 5 മിനിറ്റ് ട്രെയിൻ നില്കുന്നതിന്റെ ഇടയിൽ വേറൊരു ടെക്നിഷ്യൻ കയറി. പുള്ളി സ്പീഡിൽ ഫാൻ ഊരി എന്തോ പിടിപ്പിച്ചു, പക്ഷെ ട്രെയിൻ പുറപ്പെട്ടപ്പോൾ ഇറങ്ങി ഓടി. അപ്പോളും നടന്നില്ല. മനസു കൊണ്ട് ഫാനില്ല എന്നതുമായി ഞാൻ സെറ്റായി ഉറങ്ങിപ്പോയി.
അപ്പോൾ റെയിൽവേ തോറ്റോ???
ഇല്ലന്നെ…
ഷൊർണുർ സ്റ്റേഷനിൽ എത്തിയപ്പോൾ എന്തൊക്കെയോ ശബ്ദം കേട്ട് ഞാൻ ഞെട്ടി എണീറ്റു. നോക്കുമ്പോൾ 3 ടെക്നിഷ്യൻമാർ കയറി സംഭവം റെഡിയാക്കുന്നു. 2 മിനിറ്റ് പണി… ഫാൻ റെഡിയാക്കി. അതിലെ ഒരു മാഡത്തിന്റെ വർക്കിന്റെ സ്പീഡ് കണ്ടു…ഞാൻ അവരുടെ ഫാനായി പോയി.
ഈ അടുത്ത കാലത്ത് എനിക്ക് ഉണ്ടായ രണ്ടാമത്തെ നല്ല അനുഭവമാണ്. ഇതിനു മുമ്പ് ട്രെയിനിൽ നിന്നും ഇറങ്ങുമ്പോൾ കവർ മറന്നു വെച്ചപ്പോൾ, RPF ഇന്നോട് പരാതി പെട്ടപ്പോൾ അടുത്ത സ്റ്റേഷനിൽ അത് എടുത്തു വെച്ച് വിളിച്ചു പറഞ്ഞു.
എല്ലാ മേഖലയിൽ ഉള്ളത് പോലെ കസ്റ്റമരുടെ തൃപ്തി റെയിൽവേയും കാര്യമായി നോക്കി തുടങ്ങിട്ടുണ്ട്. അതുകൊണ്ട് പഴയത് പോലെ നിന്നു സഹിച്ചു, ഇതൊന്നും നേരെയാവില്ലയെന്ന് പറയാതെ നമുക്ക് ചൂണ്ടി കാണിച്ചു തുടങ്ങാം. അങ്ങനെയല്ലേ മാറ്റങ്ങൾ ഉണ്ടാവുന്നത്.
(യാത്രയിലെ ഫാൻ ശരിയാക്കുന്നതിൽ, വളരെ വേഗത്തിൽ പ്രവർത്തിച്ചവരെ അവർ അറിയാതെ പകർത്തിയ ചിത്രങ്ങളാണ്. അവരോട് ചോദിക്കാതെ പോസ്റ്റ് ചെയ്യുന്നത്)
ഒരുപാട് നന്ദി..