ഹോട്ടലിൽ നിന്ന് പൊതിച്ചോർ വാങ്ങാത്തവർ ചുരുക്കമായിരിക്കും. ഏത് കറികൾ ഇല്ലെങ്കിലും അച്ചാർ ഇല്ലാത്ത പൊതിച്ചോർ പലർക്കും തൃപ്തി നൽകാറില്ല. അത്തരത്തിൽ പൊതിച്ചോറിൽ, അച്ചാർ നൽകാത്തതിനെ തുടർന്നുണ്ടായ തകർക്കം അവസാനിച്ചത് 35,000 രൂപയിലാണ്.
തമിഴ്‌നാട്ടിലെ വില്ലുപുരത്തെ ഹോട്ടലിൽ നിന്നാണ് ആരോഗ്യസാമി 2,000 രൂപ കൊടുത്ത് 25 പൊതിച്ചോറുകൾ വാങ്ങിയത്. 80 രൂപക്ക് ചോറ്, സാമ്പാർ, രസം, മോര്, വട, വാഴയില, കറികൾ, ഒരു അച്ചാർ എന്നിവയുൾപ്പെടെ കിട്ടും എന്നായിരുന്നു ഹോട്ടലുകാർ പറഞ്ഞത്. എന്നാൽ പൊതിച്ചോറ് തുറന്നു നോക്കിയപ്പോൾ ചോറിനൊപ്പം അച്ചാറില്ല.
ഭക്ഷണത്തിൽ അച്ചാർ ഇല്ലാത്ത വിവരം ഹോട്ടലുകാരെ അറിയിക്കുകയും അച്ചാറിന് വരുന്ന 25 രൂപ തിരികെ നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഹോട്ടൽ ഉടമ ഇത് ഗൗരവമായി എടുക്കാതെ വന്നതോടെ ആരോഗ്യസാമിയും വിട്ടുകൊടുത്തില്ല. നിയമ പോരാട്ടം നടത്തിയിട്ടാണെങ്കിലും തനിക്ക് കിട്ടേണ്ട 25 രൂപ നേടിയെടുക്കുമെന്ന് തീരുമാനിച്ചു.
തുടർന്ന് വില്ലുപുരം ജില്ലാ ഉപഭോക്തൃ കോടതിയിൽ ആരോഗ്യസാമി കേസ് ഫയൽ ചെയ്യുകയായിരുന്നു. ഈ ഹർജി പരിഗണിച്ച കോടതി, ഭക്ഷണത്തിന് അച്ചാർ നൽകാത്തത് ഹരജിക്കാരനെ മാനസിക വിഷമത്തിലാക്കിയെന്ന് ചൂണ്ടിക്കാട്ടി ഹോട്ടലിന് 35,000 രൂപ പിഴയിടുകയും അച്ചാറിന്റെ 25 രൂപ അടയ്‌ക്കാനും നിർദേശിക്കുകയായിരുന്നു.















