ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവും മുൻ എംപിയുമായ പ്രഭാത് ഝായുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഘടനയെ ശക്തിപ്പെടുത്തുന്നതിൽ പ്രഭാത് ഝാ വഹിച്ച പങ്ക് വളരെ വലുതായിരുന്നുവെന്ന് നരേന്ദ്രമോദി പറഞ്ഞു.
“മുതിർന്ന ബിജെപി നേതാവും മുൻ എംപിയുമായ പ്രഭാത് ഝായുടെ വിയോഗത്തിൽ ഞാൻ അതീവ ദുഃഖിതനാണ്. അദ്ദേഹത്തിന്റെ പ്രവർത്തന ശൈലി വളരെ അടുത്തുനിന്ന് കണ്ടിട്ടുണ്ട്. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്” സമൂഹ മാദ്ധ്യമമായ എക്‌സിൽ പങ്കുവച്ച കുറിപ്പിൽ പ്രധാനമന്ത്രി പറഞ്ഞു. പൊതുസേവനം, പത്ര പ്രവർത്തനം എന്നീ മേഖലകളിൽ പ്രഭാത് ഝാ വിലമതിക്കാനാകാത്ത സംഭാവനകൾ നൽകി. ദുഃഖകരമായ ഈ അവസരത്തിൽ അദ്ദേഹത്തിന്റെ കുടുംബാങ്ങങ്ങൾക്കും പ്രിയപ്പെട്ടവർക്കും അനുശോചനമറിയിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ദീർഘ നാളായി അസുഖബാധിതനായിരുന്ന പ്രഭാത് ഝാ ഇന്ന് രാവിലെയാണ് അന്തരിച്ചത്. 67 വയസായിരുന്നു. ആഭ്യന്തരമന്ത്രി അമിത് ഷായും മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവും പ്രഭാത് ഝായ്‌ക്ക് അനുശോചനം രേഖപ്പെടുത്തിയിരുന്നു. നേതാവിന്റെ വിയോഗം ബിജെപി കുടുംബത്തിന് നികത്താനാവാത്ത നഷ്ടമാണെന്നും രാജ്യത്തിനും സംഘടനയ്‌ക്കും വേണ്ടി നിസ്വാർത്ഥമായി പ്രവർത്തിച്ചയാളാണ് പ്രഭാത് ഝായെന്നും അമിത് ഷാ പറഞ്ഞു.















