ബജറ്റിന് പിന്നാലെ ഗാഡ്ജെറ്റ് പ്രേമികൾക്ക് സന്തോഷിക്കാൻ വകയുമായി ആപ്പിൾ. പ്രോ, പ്രോ മാക്സ് മോഡൽ ഉൾപ്പടെയുള്ള എല്ലാ ഐഫോണുകളുടെ വില മൂന്ന് മുതൽ നാല് ശതമാനം വരെ കുറച്ചു. പ്രോ അല്ലെങ്കിൽ പ്രോ മാക്സ് മോഡൽ വാങ്ങുകയാണെങ്കിൽ 5,100 മുതൽ 6,000 വരെ ലാഭിക്കാം. ഐഫോൺ 13, 14, 15 എന്നിവയുൾപ്പെടെയുള്ള ഐഫോണുകൾക്ക് 300 രൂപയും ഐഫോൺ എസ്ഇ വാങ്ങുകയാണെങ്കിൽ 2,300 രൂപയും കുറയുമെന്ന് ആപ്പിൾ അറിയിച്ചു.
പ്രോ മോഡലുകൾക്ക് വില കുറയ്‌ക്കുന്നത് ഇതാദ്യമായാണ്. സാധാരണയായി പുതിയ തലമുറ പ്രോ മോഡലുകൾ വിപണിയിൽ അവതരിപ്പിച്ചതിന് ശേഷം പ്രോ മോഡലുകൾ നിർത്തുകയാണ് പതിവ്. വിലക്കിഴിവ് നൽകിയിരുന്നില്ല. മൊബൈൽ ഫോണുകളുടെ കസ്റ്റംസ് തീരുവ 15 ശതമാനം മുതൽ 20 ശതമാനം വരെ കുറയ്‌ക്കുമെന്ന് കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആപ്പിൾ പ്രോ മോഡലുകൾ ഉൾപ്പടെയുള്ളവയ്‌ക്ക് വില കുറച്ചത്. ഇതിന് പുറമേ മൊബൈൽ ചാർജറുകളുടെയും മൊബൈൽ ഫോണിനായി ഉപയോഗിക്കുന്ന പ്രിന്റഡ് സർക്യൂട്ട് ബോർഡിന്റെയും കസ്റ്റംസ് തീരുവ കേന്ദ്രം വെട്ടിച്ചുരുക്കിയിട്ടുണ്ട്. ഇതും വില കുറയുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നു.
നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന ഇറക്കുമതി ചെയ്ത സ്മാർട്ട്ഫോണുകൾക്ക് 18 ശതമാനം ജിഎസ്ടിയും 22 ശതമാനം കസ്റ്റംസ് ഡ്യൂട്ടിയുമാണ് ഈടാക്കുന്നത്. അടിസ്ഥാന കസ്റ്റംസ് തീരുവയുടെ 10 ശതമാനം സർചാർജായും ഈടാക്കുന്നു. ബജറ്റിൽ പ്രഖ്യാപിച്ചതു പോലെ കസ്റ്റംസ് തീരുവ വെട്ടിക്കുറയ്‌ക്കുന്നതോടെ മൊത്തം കസ്റ്റംസ് തീരുവ 16.5 ശതമാനമായിരിക്കും. ഇന്ത്യയിൽ നിർമ്മിച്ച ഫോണുകൾക്ക് 18 ശതമാനം ജിഎസ്ടി മാത്രമേ ഈടാക്കൂ. നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന 99 ശതമാനം ഐഫോണുകളും തദ്ദേശീയമായി നിർമിക്കുന്നവയാണ്.















