ന്യൂഡൽഹി: യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച് അസമിലെ ശ്മശാന കുന്നുകൾ. 700 വർഷം പഴക്കമുള്ള ഈ ശ്മശാന കുന്നുകൾ അഹോം രാജവംശത്തിന്റേതാണ്. യുനെസ്കോയുടെ സാംസ്കാരിക സ്വത്തുവിഭാഗത്തിലാണ് ഇവ ഉൾപ്പെടുത്തിയിരിക്കുന്നത്.
🔴 BREAKING!
New inscription on the @UNESCO #WorldHeritage List: Moidams – the Mound-Burial System of the Ahom Dynasty, #India 🇮🇳.
➡️https://t.co/FfOspAHOlX #46WHC pic.twitter.com/H3NU2AdtIq
— UNESCO 🏛️ #Education #Sciences #Culture 🇺🇳 (@UNESCO) July 26, 2024
ഡൽഹിയിൽ നടന്ന ലോകപൈതൃക കമ്മിറ്റിയുടെ 46-ാമത് സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച ഔദ്യോഗിക തീരുമാനമുണ്ടായത്.

13-ാം നൂറ്റാണ്ട് മുതൽ 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വരെയായിരുന്നു അഹോം രാജവംശ കാലഘട്ടം. അക്കാലത്ത് അഹോം രാജാക്കന്മാർ, രാജ്ഞികൾ, പ്രഭുക്കന്മാർ എന്നിവരെ അടക്കിയിരുന്നത് കുന്നുകളിലായിരുന്നു. ഇത്തരം ശ്മശാന കുന്നുകൾ മൊയ്ദാം എന്നാണ് അറിയപ്പെട്ടിരുന്നത്. തായ് പദമായ ഫ്രാങ്ക്-മായ്-ദാം എന്ന വാക്കിൽ നിന്നാണ് മൊയ്ദാം എന്ന വാക്കുണ്ടായതെന്ന് കരുതപ്പെടുന്നു. ഫ്രാങ്ക്-മായ് എന്നാൽ അടക്കുക/സംസ്കരിക്കുക എന്നാണ് അർത്ഥം. ദാം എന്ന് വിശേഷിപ്പിക്കുന്നത് ആത്മാവിനെയാണ്.

ഓരോ മൊയ്ദാമിലും മൂന്ന് പ്രധാന കാര്യങ്ങളുണ്ടാകും. മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ചേംബർ, ചേംബറിനെ മറയ്‌ക്കാൻ അർദ്ധഗോളാകൃതിയിലുള്ള മൺകൂന, ഇതിന് മുകളിൽ ഇഷ്ടിക കൊണ്ട് നിർമിച്ച സ്തൂപം എന്നിവയാണത്. ഓരോ മൊയ്ദാമുകളുടേയും വലിപ്പം വ്യത്യസ്തമായിരിക്കും. മരിച്ച വ്യക്തി വഹിച്ചിരുന്ന സ്ഥാനമനുസരിച്ചാണ് മൊയ്ദാമിന്റെ വലിപ്പം കൂടുക.

അസമിലെ ചരൈദിയോ മേഖലകളിലാണ് മൊയ്ദാമുകൾ കാണപ്പെടുന്നത്. ശിവസാഗറിൽ നിന്ന് 28 കിലോ മീറ്റർ സഞ്ചരിച്ചാൽ ചരൈദിയോയിൽ എത്തിപ്പെടാം. ആദ്യത്തെ അഹോം രാജാവായ ചൗ-ലംഗ് സിയു-കാ-ഫായെ അടക്കിയ കുന്ന് ഇവിടെയാണുള്ളത്. വ്യത്യസ്തമായ രൂപകൽപന തന്നെയാണിതിന്റെ ഏറ്റവും വലിയ സവിശേഷത. നിലവിൽ യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടംപിടിച്ച ഇന്ത്യയിലെ 43-ാമത് സ്ഥലമാണ് അസമിലെ ശ്മശാന കുന്നുകൾ.
















