ഒളിമ്പികിസിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കാനിരിക്കെ വീണ്ടും നാണക്കേടിന്റെ വിവാദങ്ങൾ തലയുയർത്തി. അതിഥിയായി എത്തിയ ബ്രസീൽ ഫുട്ബോൾ ഇതിഹാസം സീക്കോയും അർജൻ്റീന ടീമും പാരിസിൽ കൊള്ളയടിക്ക് വിധേയമായെന്നാണ് വിവരം. ബ്രസീൽ ഇതിഹാസത്തിന്റെ പണവും വാച്ചുകളും ഡയമണ്ട് ആഭരണങ്ങളും മോഷ്ടിക്കപ്പെട്ടു. യാത്രക്കിടെ കാറിൽ നിന്നാണ് ബാഗ് കവർന്നത്. ഏകദേശം നാലര കോടിയോളം രൂപയുടെ നഷ്ടമുണ്ടായി. അദ്ദേഹം പാെലീസിനെ സമീപിച്ചിട്ടുണ്ട്.
അതേസമയം മൊറോക്കോയ്‌ക്കെതിരെയുള്ള ഉദ്ഘാടന മത്സരത്തിന് മുമ്പാണ് അർജന്റീന ടീമിന്റെ പരിശീല ക്യാമ്പിലും മോഷണം നടന്നത്. താരങ്ങളുടെ ആഢംബര വാച്ചുകളും ഐ ഫോണുകളും കവർന്നു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായിട്ടുണ്ട്. പരിശീലകൻ ഹാവിയർ മഷെറാനോ മോഷണ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. ടീം പൊലിസിന് പരാതി നൽകി. ഇവൻ്റുകൾ റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവർത്തകരും കവർച്ചയ്‌ക്ക് വിധേയരായി. ഇതിൽ ചിലരെ കവർച്ചാ സംഘം അക്രമിച്ചു. രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒളിമ്പിക്സ് കാണാനെത്തുന്ന വിദേശികളും വ്യാപകമായി കവർച്ചയ്‌ക്ക് ഇരയാകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.