ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന നീതി ആയോഗ് യോഗം ഇന്ന് നടക്കും. യോഗത്തിൽ പങ്കെടുക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഡൽഹിയിൽ എത്തിച്ചേർന്നിട്ടുണ്ട്. അതേസമയം യോഗം ബഹിഷ്കരിക്കാനാണ് പ്രതിപക്ഷ സഖ്യത്തിന്റെ തീരുമാനം.
ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി, ഒഡിഷ മുഖ്യമന്ത്രി ചരൺ മാജി, മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ, മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുന്നതിനായി ഡൽഹിയിൽ എത്തിച്ചേർന്നത്.
നീതി ആയോഗിന്റെ ഒൻപതാമത് ഗവേർണിംഗ് കൗൺസിൽ യോഗമാണ് ഇന്ന് രാഷ്‌ട്രപതി ഭവനിലെ കൾച്ചറൽ സെന്ററിൽ നടക്കുന്നത്. ഇന്ത്യയെ വികസിത രാഷ്‌ട്രമാക്കുന്നത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള ‘വികസിത് ഭാരത് @ 2047 ‘ എന്നതാണ് ഈ വർഷത്തെ യോഗത്തിന്റെ പ്രമേയം. വികസിത് ഭാരത് @ 2047 -ലെ വിഷൻ ഡോക്യുമെന്റിന്റെ സമീപന രേഖ ഗവേർണിംഗ് കൗൺസിൽ യോഗം ചർച്ച ചെയ്യും.
പ്രധാനമന്ത്രി അദ്ധ്യക്ഷനായ യോഗത്തിൽ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാർ, ലെഫ്റ്റനന്റ് ഗവർണർമാർ, പ്രത്യേക ക്ഷണിതാക്കളായ കേന്ദ്ര മന്ത്രിമാർ, നീതി ആയോഗ് വൈസ് ചെയർമാൻ എന്നിവരാണ് പങ്കെടുക്കുന്നത്.