വിനോദസഞ്ചാരികൾക്ക് ഏറ്റവും അപകടസാധ്യതയുള്ള ലോകത്തെ രണ്ടാമത്തെ നഗരം പാകിസ്താനിലെ കറാച്ചിയെന്ന് റിപ്പോർട്ട്. ഫോർബ്സ് അഡ്വൈസർ പട്ടികയിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. വ്യക്തിഗത സുരക്ഷയ്‌ക്ക് ഭീഷണി, കുറ്റകൃത്യങ്ങൾ കൂടുതൽ, ഭീകരരുടെ ഭീഷണി, പ്രകൃതി ദുരന്ത സാധ്യതകൾ, സാമ്പത്തിക പരാധീനതകൾ എന്നിവ അടങ്ങിയ പ്രദേശങ്ങളുടെ പട്ടികയിലാണ് കറാച്ചിയും ഉൾപ്പെട്ടിരിക്കുന്നത്.
100 മാർക്ക് നേടി പട്ടികയിൽ ഒന്നാമതെത്തിയത് വെനസ്വേലയിലെ കാരകാസ് എന്ന നഗരമാണ്. രണ്ടാം സ്ഥാനമാണ് കറാച്ചിക്ക്. 100ൽ 93.12 മാർക്ക് നേടി. മൂന്നാം സ്ഥാനം മ്യാൻമറിലെ യാംഗൂൺ എന്ന സ്ഥലത്തിലാണ്. 91.67 മാർക്കാണ് യാംഗൂൺ നേടിയത്.
യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ യാത്രാ സുരക്ഷാ റേറ്റിംഗ് പ്രകാരവും കറാച്ചി നഗരം വളരെ പിന്നിലാണ്. കറാച്ചിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ സുരക്ഷിതത്വവും ഭീഷണിയിലാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
അറുപതോളം അന്താരാഷ്‌ട്ര നഗരങ്ങളെക്കുറിച്ച് പഠിച്ചതിന് ശേഷമാണ് വിനോദസഞ്ചാരികൾക്ക് അഭികാമ്യമല്ലാത്ത നഗരങ്ങളുടെ പട്ടിക ഫോർബ്സ് അഡ്വൈസർ തയ്യാറാക്കിയത്. ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് 2017ൽ പുറത്തുവിട്ട പട്ടിക പ്രകാരം സുരക്ഷിതത്വം ഏറ്റവും കുറവുള്ള നഗരങ്ങളിൽ കറാച്ചി ഉൾപ്പെട്ടിരുന്നു. ലോകത്തിലെ അർബൻ നഗരങ്ങളുടെ പട്ടികയിൽ, ജീവിക്കാൻ അനുയോജ്യമല്ലാത്ത സിറ്റികളിൽ ഒന്നായാണ് കറാച്ചിയെ അവർ രേഖപ്പെടുത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ച അഞ്ച് പേരായിരുന്നു കറാച്ചിയിൽ കൊല്ലപ്പെട്ടത്. രണ്ട് സംഘങ്ങൾക്കിടയിൽ തർക്കങ്ങൾ ഉടലെടുക്കുകയും ഇത് വെടിവെപ്പിൽ കലാശിക്കുകയുമായിരുന്നു.