മുവാറ്റുപുഴ: ക്ലാസ് മുറിയിൽ നിസ്‌കരിക്കണമെന്നാവശ്യപ്പെട്ട് ഓഫീസിനുള്ളിൽ തന്നെ മണിക്കൂറുകളോളം തടഞ്ഞുവച്ച സംഭവത്തിൽ പ്രതികരിച്ച് നിർമല കോളജ് പ്രിൻസിപ്പൽ ഫാ. ഡോ കെവിൻ കെ. കുര്യാക്കോസ്. എംഎസ്എഫ്-എസ്എഫ്‌ഐ വിദ്യാർത്ഥികളുടെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രിൻസിപ്പൽ പ്രതികരിച്ചു.
“നിസ്‌കരിക്കാൻ പ്രത്യേക സ്ഥലം വേണമെന്നാണ് അവർ ആവശ്യപ്പെട്ടത്. ഒരു മതവിഭാഗത്തിന് മാത്രമായി അങ്ങനെ ഒരിടം നൽകാൻ സാധിക്കില്ലായെന്ന് പറഞ്ഞു. ഇതിന് പിന്നാലെയാണ് ഒരുകൂട്ടം വിദ്യാർത്ഥികളെത്തി പ്രതിഷേധിച്ചത്”-ഫാ. ഡോ കെവിൻ കെ കുര്യാക്കോസ് പറഞ്ഞു.
കേരളത്തിൽ ഓട്ടോണമസ് പദവിയുള്ള പ്രമുഖ കോളേജുകളിൽ ഒന്നാണ് മൂവാറ്റുപുഴ നിർമല കോളേജ്. കോതമംഗലം രൂപതയുടെ കീഴിലാണ് ഈ വിദ്യാഭ്യാസ സ്ഥാപനം. കോളേജിന് സമീപത്തുള്ള മസ്ജിദിൽ വെള്ളിയാഴ്ച നിസ്‌കരിക്കാൻ പോകുന്നതിന് മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് തടസ്സമില്ല എന്നിരിക്കെയാണ് കോളേജിൽ തന്നെ നിസ്‌കരിക്കണം എന്ന പിടിവാശിയുമായി ഒരു കൂട്ടം വിദ്യാർത്ഥികൾ സമരവുമായി രംഗത്ത് വന്നത്.