അവസാന മിനിട്ടിലെ ഗോളുമായി നായകൻ ഹർമൻപ്രീത് സിംഗ് തിളങ്ങിയ മത്സരത്തിൽ ഇന്ത്യൻ ഹോക്കി ടീം ആവേശ ജയത്തോടെ ഒളിമ്പിക്സ് യാത്രയ്‌ക്ക് തുടക്കമിട്ടു. ആദ്യ പൂൾ ബി മത്സരത്തിൽ ന്യൂസിലൻഡിനെ 3-2 നാണ് ഇന്ത്യ കീഴടക്കിയത്. സാം ലെയ്‌നും (എട്ടാം മിനിറ്റ്), സൈമൺ ചൈൽഡും (53) ന്യൂസിലൻഡിനായി ഗോൾ സ്കോറർമാരായപ്പോൾ, മൻദീപ് സിങ് (24), വിവേക് സാഗർ പ്രസാദ് (34), നായകൻ ഹർമൻപ്രീത് സിങ് (59) എന്നിവർ ഇന്ത്യക്കായി സ്‌കോറർമാർ. ഹർമൻ പ്രീതും അഭിഷേകും മത്സരം തുടങ്ങിയ പാടെ ആക്രമണം അഴിച്ചുവിട്ടെങ്കിലും
ന്യൂസിലൻഡ് ശക്തമായ പ്രതിരോധം തീർത്തു. എന്നാൽ ആദ്യ പെനാൽറ്റി കോർണറിൽ നിന്ന് ലെയ്‌നിലൂടെ മത്സരത്തിലെ ആദ്യ ഗോൾ നേടി ഇന്ത്യയെ ഞെട്ടിച്ചത് ന്യൂസിലൻഡായിരുന്നു. ആദ്യ ഗോളിൽ ഞെട്ടിപ്പോയ ഇന്ത്യ പതറയില്ല. മത്സരത്തിന്റെ ഭൂരിഭാഗം സമയവും ശക്തമായ ആക്രമണങ്ങളുമായി ന്യൂസിലൻഡ് പോസ്റ്റിലേക്ക് ഇരച്ചെത്തി.
ഇന്ത്യയ്‌ക്ക് അഞ്ച് പെനാൽറ്റി കോർണറുകൾ ലഭിച്ചെങ്കിലും ഒരെണ്ണം മാത്രമാണ് ഗോളാക്കി മാറ്റിയത്. ന്യൂസിലൻഡ് രണ്ടെണ്ണം പ്രയോജനപ്പെടുത്തി. 24-ാം മിനിറ്റിൽ പെനാൽറ്റി കോർണറിലൂടെ ഹർമൻപ്രീതിന്റെ ഫ്ളിക്ക് ന്യൂസിലൻഡ് ഗോൾകീപ്പർ ഡൊമിനിക് ഡിക്‌സൺ രക്ഷപ്പെടുത്തിയെങ്കിലും റീബൗണ്ട് മൻദീപ് ഗോളാക്കി ഇന്ത്യക്ക് സമനില സമ്മാനിച്ചു.രണ്ടാം പകുതി തുടങ്ങി നാലുമിനിട്ടിനകം വിവേക് ഇന്ത്യക്ക് ലീഡ് നൽകി.