ന്യൂഡൽഹി: യാത്രാപ്രേമികളോട് അസമിലെ മൊയ്ദാമുകൾ സന്ദർശിക്കാൻ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 112-ാം എപ്പിസോഡിലാണ് മോദിയുടെ വാക്കുകൾ. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ അസമിലെ മൊയ്ദാമുകൾ ഇടംപിടിച്ച പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ നിർദേശം. മൂന്നാമതും അധികാരത്തിൽ വന്നതിന് ശേഷം നരേന്ദ്രമോദി നടത്തുന്ന രണ്ടാമത്തെ മൻ കി ബാത്ത് ആണിത്. കൂടാതെ മൂന്നാം മോദി സർക്കാരിന്റെ ആദ്യ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചതിന് ശേഷമുള്ള ആദ്യ മൻ കി ബാത്ത് കൂടിയാണിത്.
അസമിലെ ചരൈദിയോയിലുള്ള മൊയ്ദാമുകൾക്ക് യുനെസ്കോയുടെ അംഗീകാരം ലഭിച്ചിരിക്കുകയാണ്. ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച ഇന്ത്യയിലെ 43-ാമത്തെ സ്ഥലമാണിത്. വടക്കുകിഴക്കൻ ഇന്ത്യയിൽ നിന്ന് ആദ്യമായാണ് ഒരിടത്തിന് യുനെസ്കോയുടെ അംഗീകാരം ലഭിക്കുന്നതെന്ന പ്രത്യേകതയുമുണ്ടെന്ന് നരേന്ദ്രമോദി പറഞ്ഞു.
ചരൈദിയോ എന്നാൽ കുന്നുകളിൽ നിലകൊള്ളുന്ന തിളക്കമാർന്ന നഗരമെന്നാണ് അർത്ഥം. അഹോം രാജവംശത്തിന്റെ ആദ്യ തലസ്ഥാന നഗരമായിരുന്നു ചരൈദിയോ. അഹോം രാജവംശത്തിലെ പൂർവീകർ അവരുടെ വിലപിടിപ്പുള്ള വസ്തുക്കളെല്ലാം സൂക്ഷിച്ചിരുന്നത് മൊയ്ദാമുകളിലാണ്. അസമിലെ മൊയ്ദാമുകൾ വിനോദസഞ്ചാരികളെ ആകർഷിക്കും. യാത്രാപ്രേമികൾ നിങ്ങളുടെ ഭാവിപദ്ധതികളിൽ മൊയ്ദാമുകൾ കൂടി ഉൾപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. മഹാനായ അഹോം യോദ്ധാവ് ലച്ചിത് ബോർഫുകന്റെ ഏറ്റവും ഉയരം കൂടിയ പ്രതിമ അനാച്ഛാദനം ചെയ്യാൻ അവസരം ലഭിച്ചതിനെക്കുറിച്ചും നരേന്ദ്രമോദി അനുസ്മരിച്ചു.
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച് അസമിലെ മൊയ്ദാമുകൾ യഥാർത്ഥത്തിൽ ശ്മശാന കുന്നുകളാണ്. ഇവയ്‌ക്ക് 700 വർഷം പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നത്. യുനെസ്കോയുടെ സാംസ്കാരിക സ്വത്തുവിഭാഗത്തിലാണ് ഇവ ഉൾപ്പെടുത്തിയിരിക്കുന്നത്.
13-ാം നൂറ്റാണ്ട് മുതൽ 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വരെയായിരുന്നു അഹോം രാജവംശ കാലഘട്ടം. അക്കാലത്ത് അഹോം രാജാക്കന്മാർ, രാജ്ഞികൾ, പ്രഭുക്കന്മാർ എന്നിവരെ അടക്കിയിരുന്നത് മൊയ്ദാമുകൾ എന്ന് വിശേഷിപ്പിക്കുന്ന കുന്നുകളിലായിരുന്നു. മൃതശരീരത്തോടൊപ്പം അവരുടെ വസ്ത്രങ്ങൾ, ആഭരണങ്ങൾ, വിലപിടിപ്പുള്ള മറ്റ് വസ്തുക്കൾ എന്നിവയും മൊയ്ദാമിൽ സൂക്ഷിക്കും.