ന്യൂഡൽഹി: സിവിൽ സർവീസ് കോച്ചിംഗ് സെന്ററിലുണ്ടായ വെള്ളക്കെട്ടിൽ മുങ്ങിമരിച്ച വിദ്യാർത്ഥികളിൽ മലയാളിയും. കാലടി സ്വദേശി നവിൻ ഡാൽവിൻ (23) ആണ് മരിച്ച മലയാളി വിദ്യാർത്ഥി. ഡൽഹിയിലെ രാജേന്ദ്രനഗറിൽ സ്ഥിതിചെയ്യുന്ന കോച്ചിംഗ് സെന്ററിലാണ് അപകടമുണ്ടായത്.
താനിയ സോണി (25), ശ്രേയ യാദവ് (25) എന്നിവരാണ് മരിച്ച രണ്ട് പേർ. താനിയ തെലങ്കാന സ്വദേശിനിയും ശ്രേയ യുപി സ്വദേശിനിയുമാണ്. മൂന്ന് പേരും സിവിൽ സർവീസ് പരീക്ഷയ്‌ക്ക് തയ്യാറെടുക്കുന്നവരായിരുന്നു. അപകടത്തിന് പിന്നാലെ കോച്ചിംഗ് സെന്ററിന്റെ ഉടമയെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു.
പടിഞ്ഞാറൻ ഡൽഹിയിലെ കരോൾബാഗിന് സമീപമാണ് കോച്ചിംഗ് സെന്റർ സ്ഥിതിചെയ്യുന്ന രാജേന്ദ്രനഗറുള്ളത്. തുടർച്ചയായി മഴ പെയ്തതിന് പിന്നാലെ ബേസ്മെന്റിലുള്ള റാവൂസ് ഐഎഎസ് സ്റ്റഡി സെന്ററിൽ വെള്ളം കയറുകയായിരുന്നു. അപകടസമയത്ത് നിരവധി വിദ്യാർത്ഥികളാണ് ബേസ്മെന്റിലെ ലൈബ്രറിയിൽ ഉണ്ടായിരുന്നത്. വെള്ളം ഇരച്ചുകയറിയതോടെ ഇവർ ഓടിരക്ഷപ്പെട്ടെങ്കിലും മൂന്ന് പേർ കുടുങ്ങിപ്പോവുകയായിരുന്നു.