അമേരിക്ക തെരഞ്ഞെടുപ്പ് ചൂടിലേക്ക് അടുക്കുന്തോറും ലോകമൊട്ടാകെ ചർച്ചാ വിഷയമാവുകയാണ്. ട്രംപിനെ വധിക്കാൻ ശ്രമിച്ചതും ജോ ബൈഡന്റെ പിൻവാങ്ങലും കമലാ ഹാരിസിന്റെ സ്ഥാനാർത്ഥിത്വവുമെല്ലാം ലോകം ചർച്ച ചെയ്യുന്നതിനിടയിൽ ആരാകും യുഎസിന്റെ പുതിയ പ്രസിഡന്റെന്ന് ഗ്രഹനില നോക്കി പ്രവചനം നടത്തിയിരിക്കുകയാണ് ജ്യോതിഷി എമി ട്രിപ്പ്. നേരത്തെ അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ സ്ഥാനാർത്ഥിത്വം പിൻവലിക്കുന്ന തീയതി പ്രവചിച്ച് ശ്രദ്ധേയമായ ആളാണ് എമി.
ഡൊണാൾഡ് ട്രംപാകും അടുത്ത് അമേരിക്കൻ പ്രസിഡന്റെന്നാണ് എമിയുടെ പ്രവചനം. പ്രഫഷണൽ ജീവിതത്തിൽ വിജയത്തിന്റെ കൊടുമുടി കയറുകയാണ് ട്രംപെന്നും എമി ഗ്രഹനില നോക്കി പറയുന്നു. ജോ ബൈഡൻ ജൂലൈ 21-ന് സ്ഥാനാർത്ഥിത്വം പിൻവലിക്കുമെന്ന് കൃത്യമായി പ്രവചിച്ചതോടെയാണ് എമി ഇൻ്റർനെറ്റിൽ താരമായത്.
ബൈഡന്റെ പ്രായാധിക്യം കാരണം കമലാ ഹാരിസാകും പുതിയ സ്ഥാനാർത്ഥിയെന്നും എമി പ്രവചിച്ചിരുന്നു. ശനി രണ്ടാം ഭാവത്തിലാണെന്നും ഈ സമയം പ്രൊഫഷണൽ ജിവിതത്തിൽ പുരോഗതിക്കോ അധികാരം ലഭിക്കാനോ സാധ്യതയുണ്ടെന്നും കമലയുടെ കാര്യത്തിൽ എമി പറയുന്നു. ഇതിന് പുറമേ ബൈഡന്റെ ആരോഗ്യസ്ഥിതി വഷളാകാനും സാധ്യതയുള്ളതായും 40-കാരി എമി പ്രവചിക്കുന്നു.