പാരിസ് ഒളിമ്പിക്സിൽ ആർച്ചറിയിലും ടെന്നീസിലും ഇന്ന് ഇന്ത്യക്ക് നിരാശയുടെ ദിവസം. ടേബിൾ ടെന്നീസിൽ പ്രതീക്ഷയും ദുഃഖവും സമ്മാനിച്ച ദിവസമാണ് കടന്നുപോകുന്നത്. മെഡൽ പ്രതീക്ഷയായിരുന്നു ശരത് കമൽ സിംഗിൾസിൽ പുറത്തായി. സ്ലൊവേനിയൻ താരത്തോടാണ് ഇന്ത്യൻ ഇതിഹാസ താരം കീഴടങ്ങിയത്. അമ്പെയ്‌ത്തിൽ നെതർലൻഡിനോട് തോറ്റ് ക്വാർട്ടറിൽ പുറത്താവുകയായിരുന്നു ഇന്ത്യൻ വനിത ടീം. അങ്കിത ഭകത്, ഭജൻ കൗർ, ദീപിക കുമാരി എന്നിവരടങ്ങുന്ന ടീം 0-6 എന്ന സ്കോറിനാണ് പരാജയം സമ്മതിച്ചത്.
ആറ് സെറ്റ് നീണ്ട പോരാട്ടത്തിൽ ഡെനി കൗസലിനോട് (12-10,9-11,6-11,7-11,11-8,10-12) എന്ന സ്കോറിനാണ് പരാജയം രുചിച്ചത്. എന്നാൽ വനിത സിംഗിൾസിൽ മണിക ബത്ര അവസാന 32 ലേക്ക് മുന്നേറിയത് പ്രതീക്ഷയായി. ബ്രിട്ടന്റെ അന്ന ഹർസയെ ആണ് മണിക വീഴ്‌ത്തിയത്. 11-8,12-10,11-9,9-11,11-5 എന്ന സ്കോറിനായിരുന്നു ഇന്ത്യൻ താരത്തിന്റെ വിജയം.
നീന്തലിലും നിരാശ സമ്മാനിച്ച ദിവസമായിരുന്നു ഇന്ന്. ദിനിധി ദേസിങ്കു വനിതകളുടെ 200 മീറ്റർ ഫ്രീ സ്റ്റൈലിൽ അവസാന 16-ൽ എത്താനാകാതെ പുറത്തായി. 23-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്യാനായത്. പുരുഷന്മാരുടെ 100 മീറ്റർ ബാക്സ്ട്രോക് ഹീറ്റ്സിൽ ശ്രീഹരി നടരാജനും സെമി കാണാതെ പുറത്തായി. ടെന്നീസിൽ സുമിത് നാഗലും ആദ്യ റൗണ്ടിൽ പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. ഫ്രാൻസ് താരത്തോട് 2-6,6-2,5-7 എന്ന സ്കോറിനാണ് തോൽവി വഴങ്ങിയത്.















