ന്യൂഡൽഹി: രാജ്യത്തെ ടൂറിസത്തിന്റെ ഭാഗമാകാൻ ഇന്ത്യയോട് അഭ്യർത്ഥനയുമായി വീണ്ടും മാലദ്വീപ്. ഇന്ത്യയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും അവഹേളിച്ച് മാലദ്വീപ് മന്ത്രിമാർ നടത്തിയ പ്രസ്താവനകൾക്ക് പിന്നാലെ രാജ്യത്ത് നിന്ന് ഇതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. പിന്നാലെ ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികൾ മാലദ്വീപിൽ എത്തുന്നതിലും വലിയ കുറവാണ് ഉണ്ടായത്.
ഈ വിടവ് മാലദ്വീപിന്റെ സാമ്പത്തിക സ്ഥിതി തകർത്തതോടെയാണ് ടൂറിസം മന്ത്രി ഇബ്രാഹിം ഫൈസൽ ‘ വെൽക്കം ഇന്ത്യ’ ക്യാമ്പയിനുമായി ഇന്ത്യാ സന്ദർശനത്തിനായി എത്തുന്നത്. രാജ്യത്തെ മൂന്ന് നഗരങ്ങളിൽ നടക്കുന്ന ക്യാമ്പയിനിലൂടെ ഇന്ത്യൻ വിനോദ സഞ്ചാരികളെ മാലദ്വീപിലെത്തിക്കുകയാണ് ലക്ഷ്യമിടുന്നത്.
ഡൽഹി(ജൂലൈ 30), മുംബൈ(ഓഗസ്റ്റ് 1), ബാംഗ്ലൂർ(ഓഗസ്റ്റ്3) എന്നീ നഗരങ്ങളിലാണ് ടൂറിസ്റ്റുകളെ ലക്ഷ്യമിട്ടുള്ള ക്യാമ്പയിൻ. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്താനാണ് ക്യാമ്പയിനിലൂടെ മാലദ്വീപ് ലക്ഷ്യമിടുന്നത്. മാലദ്വീപിന്റെ സമ്പദവ്യവസ്ഥ ടൂറിസത്തെ ആശ്രയിച്ചാണ് നിലകൊള്ളുന്നതെന്നും അതുകൊണ്ട് ഇന്ത്യൻ സഞ്ചാരികളോട് ദ്വീപ് രാഷ്‌ട്രം ആസ്വദിക്കാനെത്താനും മെയ്യിൽ ടൂറിസം മന്ത്രി അഭ്യർത്ഥിച്ചിരുന്നു. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിലെ വിള്ളലുകൾ ഇല്ലാതാക്കുന്നതിന്റെ ഭാഗമായി മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ മാലദ്വീപ് പ്രധാനമന്ത്രി മുഹമ്മദ് മുയിസു പങ്കെടുത്തിരുന്നു.
ജനുവരിയിൽ മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെ മൂന്ന് മന്ത്രിമാർ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുകൊണ്ട് പോസ്റ്റ് പങ്കുവച്ചതായിരുന്നു ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകാൻ കാരണം. പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന്റെ വീഡിയോ പങ്കുവച്ച് കൊണ്ടാണ് മാലദ്വീപിലെ മന്ത്രിമാർ പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയത്.
ഇത് വലിയ വിവാദമായതിനുപിന്നാലെ പോസ്റ്റ് നീക്കിയിരുന്നു. മന്ത്രിമാരുടെ പരാമർശങ്ങൾക്ക് പിന്നാലെ നിരവധി ഇന്ത്യക്കാർ മാലദ്വീപ് യാത്ര റദ്ദാക്കിയിരുന്നു. അവധി ആഘോഷത്തിനായി പലരും ലക്ഷദ്വീപിലേക്കാണ് എത്തിയത്.















