മലപ്പുറം: അനധികൃത മണൽക്കടത്ത് നടത്തുകയും ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ബിരുദ വിദ്യാർത്ഥികൾ ഉൾപ്പെടെ ഏഴ് പേർ അറസ്റ്റിൽ. മലപ്പുറം നിലമ്പൂരിലാണ് സംഭവം. മമ്പാട് ഓടായിക്കൽ സ്വദേശികളായ ഷാമിൽ ഷാൻ, കാട്ടുമുണ്ട സ്വദേശികളായ മർവാൻ, അമീൻ, അൽത്താഫ്, മുഹമ്മദ് സവാദ്, അബ്ദുൽ മജീദ്, സഹീർ എന്നിവരെയാണ് നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
പുഴയിൽ നിന്ന് മണലെടുത്ത ശേഷം നിലമ്പൂർ പൊലീസ് സ്റ്റേഷന് മുമ്പിലൂടെ ലോറിയിൽ കടത്തുന്ന ദൃശ്യം ചിത്രീകരിച്ച് റീൽസാക്കി സാമൂഹികമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. ലോറിയിലെ ക്ലീനറായ അമീനാണ് ദൃശ്യം ചിത്രീകരിച്ച് വൈറലാക്കിയത്. ഇതിന് പിന്നാലെയാണ് പൊലീസ് പ്രതികളെ പിടികൂടിയത്.
അനധികൃതമായി മണൽ കടത്തിയതിനാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. മണൽ കടത്താൻ ഉപയോഗിച്ച ലോറിയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കും.