ഭോപ്പാൽ: ക്ഷേത്രത്തിൽ ദർശനത്തിന് എത്തുന്നവർ ക്ഷേത്ര അന്തരീക്ഷത്തിന് യോജിക്കുന്ന വസ്ത്രം ധരിക്കണമെന്ന നിർദേശവുമായി മധ്യപ്രദേശിലെ രത്‌ലാമിലുള്ള കാളികാ ക്ഷേത്ര ഭരണ സമിതി. ഷോർട്ട്‌സും പാശ്ചാത്യ രീതിയിലുള്ള ഇറക്കം കുറഞ്ഞ വസ്ത്രവും ധരിച്ചെത്തുന്നവരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കില്ലെന്നാണ് പുരോഹിതൻ രാജേന്ദ്ര ശർമ്മ വ്യക്തമാക്കിയത്.
നാനൂറ് വർഷത്തോളം പഴക്കമുള്ള ക്ഷേത്രത്തിൽ വർഷങ്ങളായി ചില ചിട്ടവട്ടങ്ങൾ പിന്തുടർന്നു പോരുന്നുണ്ടെന്നും, വസ്ത്രത്തിന്റെ കാര്യത്തിലും ഇത് ബാധകമാണെന്നും അദ്ദേഹം വ്യക്തമാക്കി. ക്ഷേത്രത്തിനനുള്ളിൽ ഏത് തരം വസ്ത്രം ധരിച്ച് പ്രവേശിക്കാം എന്നത് വ്യക്തമാക്കുന്ന ബോർഡുകൾ പലയിടങ്ങളിലായി വച്ചിട്ടുണ്ട്. അതിന് വിരുദ്ധമായി വസ്ത്രം ധരിച്ച ഒരാളെയും ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്നും, അവർക്ക് പുറത്ത് നിന്ന് ദർശനം നടത്താമെന്നും രാജേന്ദ്ര ശർമ്മ പറഞ്ഞു.
രത്‌ലാം ജില്ലാ ഭരണകൂടത്തിന്റെ കീഴിലാണ് ക്ഷേത്രത്തിന്റെ പ്രവർത്തനം. ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കുമ്പോൾ ധരിക്കേണ്ട വസ്ത്രം സംബന്ധിച്ച് ക്ഷേത്ര ഭരണ സമിതി മുന്നോട്ട് വച്ച തീരുമാനം അംഗീകരിക്കുന്നതായി തഹസിൽദാർ ഋഷഭ് താക്കൂർ പറയുന്നു. രത്‌ലാമിലെ രാജാവായിരുന്ന രത്തൻ സിംഗ് 400 വർഷങ്ങൾക്ക് മുൻപ് പണിത ക്ഷേത്രമാണിതെന്നാണ് വിശ്വാസം. രാജകുടുംബത്തിന്റെ കുലദേവതയായ കാളിദേവിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. കാളി ദേവിക്ക് പുറമെ മാ ചാമുണ്ഡിയുടേയും, അന്നപൂർണാ ദേവിയുടേയും വിഗ്രഹങ്ങളും ക്ഷേത്രത്തിലുണ്ട്. നവരാത്രി കാലത്ത് പതിനായിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിലേക്ക് ദർശനത്തിനായി എത്താറുള്ളത്.