തിരുവനന്തപുരം: കേരള സർവ്വകലാശാല സിൻഡിക്കേറ്റിലേക്ക് തെരഞ്ഞെടുക്കപ്പട്ട ഗവർണറുടെ നോമിനികളായ വിനോദ് കുമാർ, ഗോപകുമാർ എന്നിവർക്ക് ആശംസകളും അഭിനന്ദനങ്ങളും അറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഉന്നത വിദ്യാഭ്യാസരംഗത്ത് സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു വീശിത്തുടങ്ങിയെന്നും സർവ്വകലാശാലകളെ വരുതിയിലാക്കി സ്വയംഭരണം തകർക്കുന്ന ഇടതു ശക്തികൾക്കേറ്റ കനത്ത തിരിച്ചടിയാണ് ഈ വിജയത്തുടക്കമെന്നും കെ സുരേന്ദ്രൻ കുറിച്ചു.
തിങ്കളാഴ്ച നടന്ന വോട്ടെടുപ്പിലാണ് ഗവർണർ നോമിനേറ്റ് ചെയ്ത രണ്ട് പേർ വിജയിച്ചത്. എസ്എഫ്‌ഐയുടെയും ഇടത് അനുകൂല സെനറ്റ് അംഗങ്ങളുടെയും പ്രതിഷേധങ്ങളുടെ നടുവിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. 12 സീറ്റുകളിൽ ഒൻപതെണ്ണം എൽഡിഎഫ് ആണ് നേടിയത്. ഒരെണ്ണം കോൺഗ്രസും നേടി. ജനറൽ വിഭാഗത്തിലെ രണ്ട് സീറ്റുകളിലാണ് ഗവർണറുടെ നോമിനികൾ വിജയിച്ചത്.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ കമ്യൂണിസ്റ്റ്‌വൽക്കരണത്തിൽ ഗവർണറും സർക്കാരും തമ്മിൽ പോര് തുടരുന്നതിനിടെയാണ് ഗവർണറുടെ നോമിനികൾ കേരള സർവ്വകലാശാല സിൻഡിക്കേറ്റിലേക്ക് എത്തുന്നത്. ഗവർണർ ഒഴികെ 96 പേരാണ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട മൂന്ന് കേസുകൾ ഹൈക്കോടതി പരിഗണിക്കുന്നതിനാൽ അതിന്റെ വിധിക്ക് ശേഷം വോട്ടെണ്ണാമെന്ന നിലപാടിൽ ആയിരുന്നു വിസി മോഹൻ കുന്നുമ്മൽ.
എന്നാൽ കോടതി വിധിക്കായി കാത്തിരിക്കേണ്ടെന്നും വോട്ട് ഇപ്പോൾ തന്നെ എണ്ണണമെന്നുമായിരുന്നു ഇടത് അനുകൂലികളായ സെനറ്റ് അംഗങ്ങളുടെയും എസ്എഫ്‌ഐയുടെയും നിലപാട്.
പ്രതിഷേധക്കാരെ സർവ്വകലാശാലയ്‌ക്കുളളിലേക്ക് കടത്തിയ എസ്എഫ്‌ഐക്കാർ വിസിയുടെ കാറിന്റെ കാറ്റ് അഴിച്ചുവിടുകയും ചെയ്തു. ഒടുവിൽ വോട്ടെണ്ണാൻ കോടതി അനുമതി നൽകിയതോടെ തർക്കത്തിലുളള 15 വോട്ടുകൾ ഒഴികെയുളളവ എണ്ണുകയായിരുന്നു.















