തിരുവനന്തപുരം: വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ അകപ്പെട്ടവരെ രക്ഷിക്കുന്നതിന് സാധ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ട് ടീമുകൾ സ്ഥലത്തെത്തിയിട്ടുണ്ടെന്നും മന്ത്രിമാരുൾപ്പെടെയുള്ളവർ സ്ഥലത്തേക്ക് പോയി രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുമെന്നും മന്ത്രി പ്രതികരിച്ചു.
ജില്ലാ കളക്ടർ സ്ഥലത്തെത്തിയിട്ടുണ്ട്. എൻഡിആർഎഫ് സംഘത്തെ ഉൾപ്പെടെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ഇവിടെ നിന്ന് കൊണ്ട് തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. അതിനുള്ള സൗകര്യങ്ങൾ നടന്നുവരികയാണ്. സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യും.
പാലം തകർന്നതിനാൽ ഒറ്റപ്പെട്ട പ്രദേശങ്ങളിലോക്ക് പോകാൻ നിർവാഹമില്ല. മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യത ഉള്ളതിനാൽ അനാവശ്യമായി കൂടുതൽ ആളുകൾ സ്ഥലത്തേക്ക് പോകരുത്. കാര്യങ്ങളെല്ലാം അന്വേഷിച്ച് വിലയിരുത്തികൊണ്ടിരിക്കുകയാണ്. ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് എത്തി ആളുകളെ രക്ഷിക്കാനുള്ള നടപടികളാണ് ഇപ്പോൾ നടക്കുന്നത്. ആളുകൾ സ്ഥലത്തേക്ക് പോകുന്നതിനെക്കാൾ രക്ഷാപ്രവർത്തകർക്ക് അവിടെ എത്താനുള്ള വഴിയൊരുക്കുകയാണ് ചെയ്യേണ്ടത്.
സോഷ്യൽ മീഡിയ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്. ഹെലികോപ്റ്ററുകൾ എത്തിക്കും. തൃശൂരിലുള്ള ഫയർ റെസ്ക്യൂ ടീമിനെ സ്ഥലത്തേക്ക് വിന്യസിക്കാനുള്ള നടപടികളാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വയനാട്ടിലെ മുണ്ടക്കൈ, അട്ടമല, ചൂരൽമല എന്നിവിടങ്ങളിലാണ് ഉരുൾപ്പൊട്ടലുണ്ടായത്. ചളിയും പാറക്കല്ലും കൂറ്റൻ മരങ്ങളും ഉൾപ്പെടെയാണ് മലയിൽ നിന്ന് പൊട്ടിയൊഴുകി എത്തിയത്. മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. വലിയ ദുരന്തമാണ് ഉണ്ടായിരിക്കുന്നതെന്ന് എൻഡിആർഎഫ് സേനാംഗങ്ങൾ പ്രതികരിച്ചു. ഫയർഫോഴ്സും, നാട്ടുകാരും, എൻഡിആർഎഫും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.















