വയനാട്: വയനാട് ഉരുൾപൊട്ടലുണ്ടായ പ്രദേശത്തേക്ക് കൂടുതൽ എൻഡിആർഎഫ് സംഘങ്ങളെത്തും. സ്ഥലത്ത് നിന്ന് മൂന്ന് കുട്ടികളുടേത് ഉൾപ്പെടെ 11 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. തിരുവനന്തപുരത്ത് നിന്ന് റവന്യൂ മന്ത്രി അടക്കം നാല് മന്ത്രിമാർ വയനാടിലേക്ക് തിരിച്ചിട്ടുണ്ട്. സൈന്യത്തിന്റെ രണ്ട് ടീമുകൾ ഉടനെത്തുമെന്നാണ് വിവരം.
ഉരുൾപൊട്ടലുണ്ടായതിന് പിന്നാലെ പ്രദേശത്ത് ഒറ്റപ്പെട്ടു പോയ ഇരുനില വീടിന്റെ ആളുകളെ എൻഡിആർഎഫ് സംഘം രക്ഷിച്ച് സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ചൂരൽമലയിലെ പാലം തകർന്നതോടെ നൂറുകണക്കിന് ആളുകളാണ് ഒറ്റപ്പെട്ടത്. 20 ഓളം പേരെ കാണാനില്ലെന്ന പരാതിയും ഉയരുന്നുണ്ട്.
ഇന്നലെ രാത്രി ഒരു മണിയോടെയാണ് ആദ്യം ഉരുൾപൊട്ടലുണ്ടായത്. പിന്നീട് നാല് മണിക്ക് ഉരുൾപൊട്ടലുണ്ടായി. മുണ്ടക്കൈ, അട്ടമല, ചൂരൽമല എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായത്. നിരവധി പേരാണ് പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നത്. 39 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം, മലപ്പുറത്ത് പുഴയിൽ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. മൂന്നര വയസുള്ള കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മരത്തിൽ കുടുങ്ങിക്കിടന്ന നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. മൃതദേഹം വയനാട്ടിൽ നിന്ന് ഒലിച്ചുവന്നതാകാമെന്നാണ് നിഗമനം. വയനാട്ടിൽ മഴ ശക്തമാകുമ്പോൾ ചാലിയാർ പുഴയിൽ വെള്ളം കരകവിഞ്ഞ് ഒഴുകാറുണ്ട്. മലപ്പുറം ജില്ലയിലെ പുഴയോര മേഖലകളേയും ഇത് സാരമായി ബാധിച്ചേക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്.















