തിരുവനന്തപുരം: വയനാട്ടിൽ രക്ഷാപ്രവർത്തനത്തിന് ഹെലികോപ്റ്റർ എത്തിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മുണ്ടക്കൈ പ്രദേശത്ത് ഒറ്റപ്പെട്ട ആളുകൾക്ക് മരുന്നുകളും മറ്റ് അവശ്യസാധനങ്ങളും എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
“നിലവിൽ ആറ് മൃതദേഹങ്ങളാണ് സമീപത്തെ ആശുപത്രിയിൽ എത്തിയിരിക്കുന്നത്. ഇന്നലെ രാത്രി മൂന്നരയോടെ തന്നെ ആരോഗ്യ പ്രവർത്തകർ സ്ഥലത്തെത്തിയിരുന്നു. ആശുപത്രികളിൽ എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ചികിത്സയിലുള്ളവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് തലത്തിലുള്ള നിർദേശങ്ങൾ നൽകിവരികയാണ്.
ഡിഎംഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലത്തുണ്ട്. സ്റ്റേറ്റ് തലത്തിൽ ഡോ ജീവൻ ബാബു ഐഎഎസിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് ഉച്ചയോടെ എത്തിച്ചേരും. മരുന്നുകൾ ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ അധികമായി തന്നെ വയനാട്ടിലേക്ക് എത്തിക്കും. കോഴിക്കോട് നിന്നും കണ്ണൂരിൽ നിന്നും ചുരം റോഡുകൾ നിയന്ത്രിക്കുന്നുണ്ട്.
മേപ്പാടി സർക്കാർ ആശുപത്രിയിൽ ചികിത്സയ്‌ക്കുള്ള നടപടികൾ നടത്തിവരികയാണ്. സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ തന്നെ അതിനുള്ള ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. മുണ്ടക്കൈയിൽ ഒറ്റപ്പെട്ട് പോയവരെ ഹെലികോപ്റ്റർ വഴി എത്തിക്കുക എന്നത് ശ്രമകരമായ കാര്യമാണ്. അവർക്ക് ആവശ്യമായ എല്ലാ മരുന്നുകളും ആഹാര സാധനങ്ങളും ഹെലികോപ്റ്റർ മുഖേന സ്ഥലത്തെത്തിക്കും”.
ആരോഗ്യപ്രവർത്തകരും സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. അവരിൽ നിന്നുള്ള വിവരങ്ങൾ കൂടി ശേഖരിച്ചുകൊണ്ടാണ് പ്രവർത്തനങ്ങൾ നടത്തുന്നതെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.















