തിരുവനന്തപുരം: രക്ഷാദൗത്യത്തിന് ദേശീയ ദുരന്ത നിവാരണ സേനയുടെ കൂടുതൽ സംഘങ്ങൾ ഉച്ചയോടെ സ്ഥലത്തെത്തും. ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട് പോയ മുണ്ടക്കൈയിലേക്ക് പോകാൻ സൈന്യം താത്കാലിക പാലം നിർമിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു.
പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തുന്നതിനായി രണ്ട് ഹെലികോപ്റ്ററുടെ സഹായം ഉടൻ മുണ്ടക്കൈയിലേക്ക് എത്തും. എൻഡിആർഎഫിന്റെ ഒരു സംഘം പ്രദേശത്തേക്ക് പോയിട്ടുണ്ട്. താത്കാലികമായ പാലം നിർമിച്ചായിരിക്കും രക്ഷാപ്രവർത്തനം നടത്തുക. വടങ്ങളും മറ്റും ഉപയോഗിച്ച് കൃത്രിമമായ പാലം നിർമിക്കും. മുണ്ടക്കൈയിൽ കുടുങ്ങി കിടക്കുന്ന ആളുകളുമായി ബന്ധപ്പെടാൻ സാധിച്ചതായും അധികൃതർ വ്യക്തമാക്കി. ഒരു പൊലീസ് ഉദ്യോഗസ്ഥനുമായും പഞ്ചായത്ത് മെമ്പറുമായും ബന്ധപ്പെട്ടിട്ടുണ്ട്.
എൻഡിആർഎഫിന്റെ ഒരു സംഘം കൊല്ലത്ത് നിന്ന് തിരിച്ചിരിക്കുകയാണ്. അത് കൂടാതെ ആരക്കോണത്ത് നിന്നും ബെംഗളൂരുവിൽ നിന്നും നാല് എൻഡിആർഎഫ് ടീമുകൾ സ്ഥലത്തെത്തും. കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലത്തുണ്ട്. ചാലിയാറിൽ നിന്നും മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ കൃത്യമായ കണക്ക് പറയാനാകില്ല. വൈകുന്നേരത്തിനുള്ളിൽ മുണ്ടക്കൈയിൽ നിന്ന് ആളുകളെ പൂർണമായും മാറ്റും. റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ വടക്കൻ ജില്ലകളിലുള്ള എൻഡിആർഎഫ് സംഘങ്ങളെ ഈ ദൗത്യത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.