കൊച്ചി: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങൾക്ക് ബന്ധപ്പെടാനുള്ള നമ്പറുകൾ പങ്കുവച്ച് സേവാഭാരതി. വയനാട് ജില്ലയിൽ ഉരുൾപൊട്ടൽ ബാധിത പ്രദേശത്ത് അകപ്പെട്ടവർക്ക് സഹായത്തിനായി വിളിക്കേണ്ട നമ്പറുകളും സേവാഭാരതി പങ്കുവച്ചിട്ടുണ്ട്. സുൽത്താൻ ബത്തേരി, മാനന്തവാടി, വൈത്തിരി എന്നിങ്ങനെ മൂന്ന് താലൂക്കുകളിലുള്ളവർക്ക് വിളിക്കാനുള്ള പ്രത്യേകം നമ്പറുകളും സേവാഭാരതി പങ്കുവച്ചിട്ടുണ്ട്.
അടിയന്തര സാഹചര്യത്തിൽ വിളിക്കേണ്ട ടോൾ ഫ്രീ നമ്പർ 1077
വയനാട് സേവാഭാരതി നമ്പർ: 9744339712
സംസ്ഥാന ഹെൽപ് ലൈൻ നമ്പർ: 8330083324
വയനാട് മുണ്ടക്കൈ, ചൂരൽമല, അകമല പ്രദേശങ്ങളിലുണ്ടായ ഉരുൾപ്പൊട്ടലിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന് ആവശ്യമായ സഹായങ്ങൾ ഉറപ്പുവരുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി അദ്ദേഹം ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കേന്ദ്രത്തിന്റെ എല്ലാവിധ സഹായവും ഉറപ്പാക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയും അറിയിച്ചിട്ടുണ്ട്. ദുരന്തത്തിൽ മരണസംഖ്യ 41 കടന്നതായാണ് റിപ്പോർട്ട്.
വയനാട്ടിലെ വിവിധ റിസോർട്ടുകളിലായി 250ഓളം പേർ കുടുങ്ങിക്കിടക്കുകയാണ്. നിരവധി തോട്ടം തൊഴിലാളികളെ കാണാതായി. ഹാരിസൺ പ്ലാന്റേഷനിലെ ജീവനക്കാരെയാണ് കാണാതായിരിക്കുന്നത്. മുണ്ടക്കൈ ഭാഗത്ത് അഞ്ഞൂറോളം പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഉരുൾപ്പൊട്ടലിനെ തുടർന്ന് മുണ്ടക്കൈ, അട്ടമല പ്രദേശങ്ങൾ പൂർണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. ദുരന്തബാധിത പ്രദേശത്തേക്ക് എത്താൻ കഴിയാത്തത് രക്ഷാപ്രവർത്തകർക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.