ഒരു നാടാകെ ഒലിച്ചുപോയ വാർത്ത അറിഞ്ഞതിന്റെ നടുക്കത്തിലാണ് കേരളം. ചൊവ്വാഴ്ച നേരം പുലർന്നപ്പോൾ വലിയൊരു പ്രദേശം മുഴുവൻ നാമാവശേഷമായ കാഴ്ച അക്ഷരാർത്ഥത്തിൽ കേരളത്തെ ഭയപ്പെടുത്തുന്നതായിരുന്നു. വയനാട്ടിലെ മുണ്ടക്കൈ, അകമല, ചൂരൽ മല പ്രദേശങ്ങളിൽ രാത്രി രണ്ട് മണിയോടെയുണ്ടായ ഉരുൾപൊട്ടലിൽ ഒട്ടനവധി പേരാണ് മണ്ണിലും ചളിയിലും പുതഞ്ഞുപോയത്. വീടുകളിൽ കിടന്നുറങ്ങിയ പലരെയും കിലോമീറ്ററുകൾക്ക് അപ്പുറത്ത് നിന്ന് മൃതശരീരങ്ങളായി മാത്രം കണ്ടെടുത്തുവെന്നത് ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.
പരിക്കുകളോടെ ആശുപത്രിയിലെത്തിയ പലർക്കും തങ്ങളുടെ ഉറ്റവർ എവിടെയെന്ന് പോലും അറിയാത്ത അവസ്ഥയിലാണ്. രാത്രി ഉറങ്ങിക്കിടന്ന ഓരോരുത്തരും മലവെള്ളപ്പാച്ചിലിൽ അകപ്പെട്ട് ചിന്നിച്ചിതറി. അർദ്ധരാത്രി ഇരച്ചെത്തിയ മഹാദുരന്തത്തിൽ നൂറുകണക്കിന് പേരാണ് ഒഴുകിപ്പോയത്. പലരും ഇപ്പോഴഉം മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണ്.
മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ടും മൂന്നും തവണ ഉരുൾപൊട്ടി ഒലിച്ചെത്തിയപ്പോൾ നിരവധി പേരുടെ ജീവനും ജീവിതവുമാണ് ഒഴുകിപ്പോയത്. “നിൽക്കാതെ മഴ പെയ്യുകയായിരുന്നു, പുറത്തിറങ്ങി നോക്കിയപ്പോഴേക്കും വീട് ഒലിച്ചുപോയി” കൺമുന്നിലാണ് അഞ്ചെട്ട് പേർ ഒലിച്ചുപോയതെന്നും അവരെ രക്ഷിക്കാൻ കഴിഞ്ഞില്ലെന്നും വിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പരിക്കേറ്റ യുവാവ് പ്രതികരിച്ചു. കാണാതായവരെ തേടി എങ്ങോട്ട് പോകണമെന്നറിയാതെ ദുരന്തഭൂമിയിലും ആശുപത്രി വരാന്തകളിലും ബന്ധുക്കൾ അലയുന്ന കാഴ്ചയാണുള്ളത്.
അനുനിമിഷം മരണസംഖ്യ ഉയരുന്ന സാഹചര്യത്തിൽ ഉറ്റവരെ തേടി വയനാട്ടിലെ വിവിധ ഹെൽത്ത് സെന്ററുകളിലേക്ക് ജനങ്ങൾ ഓടിയെത്തുകയാണ്. മേപ്പാടി ഹെൽത്ത് സെന്ററിലാണ് ഏറ്റവുമധികം പേരുടെ മൃതദേഹങ്ങൾ എത്തിച്ചിട്ടുള്ളത്. ഇവിടെയെത്തിച്ച 35 പേരുടെ മൃതദേഹങ്ങളിൽ 10 പേരെ മാത്രമേ തിരിച്ചറിയാൻ സാധിച്ചിട്ടുള്ളൂ. മലപ്പുറം പോത്തുകലിൽ നിന്നാണ് പല മൃതദേഹങ്ങളും കണ്ടെടുത്തിരിക്കുന്നത്.