കോഴിക്കോട്: മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം വയനാട്ടിലെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ തിരിച്ച മന്ത്രിമാരുടെ സംഘം കോഴിക്കോട് എത്തി. കെ രാജൻ, പി.എ മുഹമ്മദ് റിയാസ്, ഒ.ആർ കേളു എന്നിവരാണ് വിമാനമാർഗം കോഴിക്കോട് എത്തിയത്. സ്ഥിതിഗതികൾ വിലയിരുത്തിയ സംഘം വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
വയനാട്ടിൽ സൈന്യത്തിന്റെയും ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. അറുപതോളം പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സമീപജില്ലയായ മലപ്പുറത്തെ സാഹചര്യങ്ങൾ സാഹചര്യങ്ങൾ വിലയിരുത്തുന്നതിന് രാവിലെ മന്ത്രി വി അബ്ദുറഹ്മാന്റെ നേതൃത്വത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഓൺലൈനിൽ യോഗം ചേർന്നിരുന്നു. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കാൻ മന്ത്രി നിർദേശം നൽകുകയും ചെയ്തു.
എൻ.ഡി.ആർ. എഫ് സംഘത്തെ നിലമ്പൂരിൽ പ്രശ്നസാധ്യതയുള്ള മേഖലകളിൽ വിന്യസിച്ചിച്ചിട്ടുണ്ട്. പുഴകളിലെ ജലവിതാനം നിരീക്ഷിച്ചു വരികയാണെന്നും ഏത് അടിയന്തര സാഹചര്യവും നേരിടുന്നതിന് ഉദ്യോഗസ്ഥ സംവിധാനം സജ്ജമാണെന്നും ജില്ലാ കളക്ടർ യോഗത്തിൽ അറിയിച്ചു.















