മേപ്പാടി: വയനാട് ചൂരൽമലയിൽ ഉരുൾപൊട്ടലിൽ തകർന്നത് ദുരിതാശ്വാസ ക്യാമ്പായി തുറന്നുകൊടുത്ത സ്‌കൂൾ. വെളളാർമല ജിവിഎച്ച്എസ്എസ് സ്‌കൂളിൽ 13 പേരായിരുന്നു താമസിച്ചിരുന്നതെന്ന് പ്രിൻസിപ്പൽ ഭവ്യ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഭാഗ്യത്തിന് ഇവർ താമസിച്ച കെട്ടിടത്തിന് കേടുപാടുണ്ടായില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും പ്രിൻസിപ്പൽ പറഞ്ഞു.
ചൂരൽമല പുഴയോട് ചേർന്നാണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. കുത്തിയൊലിച്ചുവന്ന മരവും തടിയുമൊക്കെ തങ്ങിനിന്നത് ഈ സ്‌കൂൾ കെട്ടിടങ്ങളിലാണ്. ഒന്ന് മുതൽ 12 ാം ക്ലാസ് വരെയാണ് സ്‌കൂളിലുളളത്. 582 വിദ്യാർത്ഥികളാണ് സ്‌കൂളിൽ പഠിക്കുന്നത്. പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടവാർത്ത അറിയുന്നതെന്ന് പ്രിൻസിപ്പൽ പറഞ്ഞു. 3.30 ഓടെ ക്ലാസ് ടീച്ചർമാർ ഓരോ വിദ്യാർത്ഥികളെയായി വിളിച്ച് സുരക്ഷിതരാണോയെന്ന് അന്വേഷിച്ചു. ഇരുപതോളം വിദ്യാർത്ഥികളെക്കുറിച്ച് മാത്രമാണ് ഇനിയും വിവരങ്ങൾ ലഭിക്കാനുളളതെന്നും പ്രിൻസിപ്പൽ പറഞ്ഞു.
തെക്കൻ ജില്ലകളിലും മറ്റുമുളള അഞ്ചോളം അദ്ധ്യാപകരും അപകടമുണ്ടായ ഭാഗത്താണ് താമസിക്കുന്നത്. എന്നാൽ എല്ലാവരും സുരക്ഷിതരാണെന്ന് പ്രിൻസിപ്പൽ പറഞ്ഞു. കഴിഞ്ഞ ദിവസം സ്‌കൂളിന് അവധിയായിരുന്നു. പുഴയിൽ വെളളം കൂടുതലായിരുന്നു മഴയും ഉണ്ടായിരുന്നുവെന്നും അല്ലാതെ മറ്റ് അസ്വാഭാവികതകൾ ഒന്നും തോന്നിയിരുന്നില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു.















