തിരുവനന്തപുരം: വയനാട്ടിൽ മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ ആവശ്യങ്ങൾക്കായി ബന്ധപ്പെടാനുള്ള നമ്പറുകൾ പങ്കുവച്ച് ബിജെപി. വയനാട് ജില്ലയിൽ ഉരുൾപൊട്ടൽ ബാധിത പ്രദേശത്ത് അകപ്പെട്ടവർക്ക് സഹായത്തിനായി വിളിക്കേണ്ട നമ്പറുകളാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പങ്കുവച്ചിരിക്കുന്നത്. ജില്ലയിൽ ആരംഭിച്ചിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ സൗകര്യങ്ങൾ ഒരുക്കാൻ ബിജെപി സജ്ജമാണെന്നും സംസ്ഥാന അദ്ധ്യക്ഷൻ അറിയിച്ചു.
വയനാട് ജില്ലാ ഹെൽപ്പ് ഡെസ്‌ക് നമ്പറുകൾ
8086255948
9961648712
9562792379
8129376738
ദുരന്തത്തിൽ മരണസംഖ്യ 90 കടന്നതായാണ് റിപ്പോർട്ട്. ഇനിയും മരണസംഖ്യ ഉയരുമെന്നാണ് വിവരം. രക്ഷാപ്രവർത്തനത്തിന് കോഴിക്കോട് നിന്നുള്ള 150 അംഗ സൈനികസംഘം ചൂരൽമലയിലെത്തി. കണ്ണൂർ ഡിഫെൻസ് സെക്യൂരിറ്റി കോറിലെ 160 പേരടങ്ങുന്ന സംഘവും ബെംഗളൂരുവിൽ നിന്ന് സൈന്യത്തിന്റെ മദ്രാസ് എൻജിനീയറിംഗ് ഗ്രൂപ്പും തിരുവനന്തപുരത്ത് നിന്ന് 23 മറാത്ത റെജിമെന്റിലെയും 2 മദ്രാസ് റെജിമെന്റിലെയും 130 സൈനികരും ചൂരൽമലയിലെത്തും.
വയനാട്ടിലെ വിവിധ റിസോർട്ടുകളിലും മറ്റുമായി 250ഓളം പേർ കുടുങ്ങിക്കിടക്കുകയാണ്. ഉരുൾപ്പൊട്ടലിനെ തുടർന്ന് മുണ്ടക്കൈ, അട്ടമല പ്രദേശങ്ങൾ പൂർണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. കനത്ത മഴയും കുത്തൊഴുക്കും കാരണം ദുരന്തബാധിത പ്രദേശത്തേക്ക് എത്താൻ കഴിയാത്തത് രക്ഷാപ്രവർത്തകർക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിംഗ് എന്നിവർ സ്ഥിതിഗതികൾ വിലയിരുത്തി. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം കേന്ദ്രമന്ത്രി ജോർജ് കുര്യൻ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കും.